പാലാരിവട്ടം പാലം പുനര്‍ നിര്‍മാണം അടുത്ത മാസം മുതല്‍; 9 മാസത്തില്‍ പൂര്‍ത്തിയാകുമെന്ന് ഇ ശ്രീധരന്‍

കൊച്ചി: സുപ്രീംകോടതി വിധി വന്നതോടെ പാലാരിവട്ടം പാലത്തിന്റെ പുനര്‍ നിര്‍മാണത്തിനുള്ള നടപടികളുമായി സര്‍ക്കാര്‍. പാലത്തിന്റെ പുനര്‍ നിര്‍മാണം അടുത്ത മാസം ആരംഭിക്കാനാകുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ അറിയിച്ചു. സര്‍ക്കാരിന് മടക്കി നല്‍കാനുള്ള 17.4 കോടി രൂപ ഉപയോഗിച്ച് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ചുമതല പ്രകാരം പാലത്തിന്റെ സ്ഥിതിയെക്കുറിച്ച് പഠിച്ച് ഇശ്രീധരന്‍ നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പാലത്തില്‍ അറ്റകുറ്റ പണികള്‍ മതിയാവില്ലെന്നും അപകടവസ്ഥ കണക്കിലെടുത്ത് പുനര്‍ നിര്‍മ്മിക്കുക തന്നെ വേണമെന്നും ഇ ശ്രീധരന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഐഐടിയുടെ റിപ്പോര്‍ട്ടിനൊപ്പം, ഈ റിപ്പോര്‍ട്ടും പ്രധാനമായും ചൂണ്ടിക്കാട്ടിയാണ്, കേരളത്തിന് വേണ്ടി അഡ്വ. കെ കെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. ഇതിന് ശേഷമാണ് ലോഡ് ടെസ്റ്റിന് പകരം പാലം പുതുക്കി പണിയുന്നത് തന്നെ പരിഗണിക്കണമെന്ന് സുപ്രീംകോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.

മേല്‍പ്പാലം പുതുക്കിപ്പണിതാല്‍ 100 വര്‍ഷം വരെ ആയുസ്സുണ്ടാകും. അറ്റകുറ്റപ്പണി നടത്തിയാല്‍ 20 വര്‍ഷം മാത്രമാണ് പരമാവധി ആയുസ്സുണ്ടാകുക എന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. ഇവയെല്ലാം പരിഗണിച്ചാണ് സര്‍ക്കാര്‍ വാദങ്ങളെല്ലാം സുപ്രീംകോടതി അംഗീകരിച്ചത്.

Content Highlight: Palarivattam Bridge reconstruction start from October