ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാന്‍ തയ്യാര്‍; ഇ.ശ്രീധരന്‍

സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. ബിജെപി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമാകും പ്രാമുഖ്യം നല്‍കുകയെന്നും ശ്രീധരന്‍ പറഞ്ഞു. ബിജെപിയില്‍ അംഗത്വമെടുത്തതുമായി ബന്ധപ്പെട്ട് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കുന്നതിനെ എതിര്‍ക്കില്ല. ബിജെപിയെ കേരളത്തില്‍ അധികാരത്തില്‍ എത്തിക്കാനുള്ള ഉദ്ദേശത്തോടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. എന്നാല്‍ ഗവര്‍ണര്‍ സ്ഥാനത്തോട് താത്പര്യമില്ല. സംസ്ഥാനത്തിനായി ഒന്നും ചെയ്യാന്‍ പറ്റാത്ത പദവിയാണ് ഗവര്‍ണര്‍ സ്ഥാനമെന്നും ശ്രീധരന്‍ പറഞ്ഞു.

മത്സരിക്കാന്‍ പാലക്കാട് സീറ്റ് വേണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് ശ്രീധരനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. അതിനിടെയാണ് പാലക്കാട് വേണമെന്ന ആവശ്യവുമായി ശ്രീധരന്‍ രംഗത്ത് വന്നത്.

content highlights: Not interested in governorship; open to becoming Kerala CM if BJP comes to power: ‘Metroman’ E Sreedharan