അരുണാചൽപ്രദേശിൽനിന്നു കാണാതായ വ്യോമസേനാ വിമാനത്തിലെ യാത്രക്കാർ ആരും ജീവനോടെയില്ലെന്ന് വ്യോമസേന. വിമാനത്തിൽ ഉണ്ടായിരുന്ന 13 പേരും മരിച്ചുവെന്നും ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ഇന്നു പുലർച്ചെയാണ് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്തെ പരിശോധന പൂർത്തിയാക്കിയത്.
8 സേനാംഗങ്ങളും 5 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മൂന്നു മലയാളികളും മരിച്ചവരിൽ ഉൾപ്പെടുന്നു. കണ്ണൂർ സ്വദേശി കോർപറൽ എൻ.കെ. ഷരിൻ, അഞ്ചൽ സ്വദേശി സർജന്റ് അനൂപ് കുമാർ, തൃശൂർ മുളങ്കുന്നത്തുകാവ് പെരിങ്ങണ്ടൂർ സ്വദേശി സ്ക്വാഡ്രൻ ലീഡർ വിനോദ് എന്നിവരാണ് മരിച്ച മലയാളികൾ.
കാണാതായി എട്ടു ദിവസങ്ങൾക്കുശേഷമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായത്. അസമിലെ ജോർഹട്ട് വിമാനത്താവളത്തിൽ നിന്ന് അരുണാചലിലെ മെചുക ലാൻഡിങ് ഗ്രൗണ്ടിലേക്കു പറക്കുമ്പോൾ ജൂൺ 3നാണ് ഇരട്ട എൻജിനുള്ള റഷ്യൻ നിർമിത എഎൻ 32 വിമാനം കാണാതായത്. പറന്നുയർന്ന് അരമണിക്കൂറിനു ശേഷം ബന്ധം നഷ്ടപ്പെടുകയായിരുന്നു. ചൈനാ അതിർത്തിയിൽ നിന്ന് 35 കിലോമീറ്റർ അകലെയാണു മെചുക.