ഷാങ്ഹായി സഹകരണ ഉച്ചകോടി തുടങ്ങി. ഒരേ വേദിയില്‍ നരേന്ദ്ര മോദിയും ഇമ്രാന്‍ ഖാനും പങ്കെടുക്കുന്നു

കിര്‍ഗിസ്താന്‍: കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്‌കെക്കില്‍ നടക്കുന്ന ദ്വിദിന ഷാങ്ഹായി ഉച്ചകോടിക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിയുടെ ആദ്യ സെഷന് മുന്നോടിയായി നടന്ന ഫോട്ടോ ഷൂട്ടില്‍ ഇമ്രാന്‍ ഖാനെ അഭിവാദ്യം ചെയ്യാന്‍ നരേന്ദ്രമോദി തയ്യാറായില്ല. ഇന്നലെ നടന്ന അത്താഴ വിരുന്നിലും ഇരുനേതാക്കളും ഒരുമിച്ച് ഉണ്ടായിരുന്നെങ്കിലും അനൗപചാരിക സൗഹൃദ വിനിമയത്തിന് പോലും ഇരുവരും തയ്യാറായില്ല.

കശ്മീര്‍ അടക്കമുള്ള പ്രശ്‌നങ്ങളില്‍ ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. രണ്ട് ആണവശക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് രാജ്യാന്തര ചര്‍ച്ചയിലൂടെ പരിഹാരം കാണനും അതിനുവേണ്ടി് നരേന്ദ്രമോദിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും വേണമെങ്കില്‍ ഉച്ചകോടി വേദിയില്‍ തന്നെ അതിന് തുടക്കം കുറിക്കാം എന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഭീകരവാദത്തിനെതിരെ ഇന്ത്യ മുന്നോട്ട് വച്ച നിലപാടിനെ കുറിച്ച് അഭിപ്രായം പറയാന്‍ ഇമ്രാന്‍ ഖാന്‍ തയ്യാറായിട്ടില്ല. അതുകൊണ്ടു തന്നെ രാജ്യാന്തര മധ്യസ്ഥതയില്‍ ചര്‍ച്ചയാകാമെന്ന പാക് നിര്‍ദ്ദേശം ഇന്ത്യക്ക് സ്വീകാര്യമല്ല. മാത്രമല്ല ചര്‍ച്ചക്കുള്ള സാഹചര്യം പാകിസ്ഥാന്‍ ഇതുവരെ ഒരുക്കിയിട്ടില്ല. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണ് ഇന്ത്യക്കും പാകിസ്ഥാനും ഇടയിലുള്ളത്. അതില്‍ രാജ്യാന്തര ചര്‍ച്ചയുടെ ആവശ്യം ഇല്ലെന്ന് തന്നെയാണ് ഇന്ത്യയുടെ നിലപാട്. ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്റഫ് ഘനി തുടങ്ങിയവരുമായി മോദി ചര്‍ച്ച നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here