കോഴിക്കോട്ടു നിന്ന് വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കാൻ നരേന്ദ്രമോദിയും; ഫോട്ടോയുടെ സ്ഥാനത്ത് പാണ്ട

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ വരുന്ന ഓണ്‍ലൈന്‍ അപേക്ഷകളില്‍ നരേന്ദ്രമോദിയുടെ പേരിലും അപേക്ഷ. പേരും വയസ്സും ജനനതീയതിയും മൊബൈല്‍ നമ്പറും നല്‍കിയിരിക്കുന്ന അപേക്ഷയില്‍ തെരുവിന്റെ സ്ഥാനത്ത് ചായക്കട എന്നാണ് പൂരിപ്പിച്ചിരിക്കുന്നത്. ഫോട്ടോക്ക് പകരം പാണ്ടയുടെ ചിത്രമാണ് അപേക്ഷകന്‍ നല്‍കിയിരിക്കുന്നത്. വില്ലേജ് ഗുജറാത്ത്, പോസ്റ്റ് ഓഫീസ് കോഴിക്കോട് എന്നുമാണ് ഉള്ളത്.

തുടര്‍ നടപടികള്‍ക്കായി കോഴിക്കോട് താലൂക്ക് ഓഫീസില്‍ പരിശോധിക്കുന്ന അപേക്ഷകളില്‍ നിന്നാണ് വ്യാജ അപേക്ഷ ലഭിച്ചത്. അപേക്ഷയില്‍ കൊടുത്തിരിക്കുന്ന നമ്പറില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാജ പേരുകളിലും വിലാസങ്ങളിലും വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടാന്‍ അപേക്ഷ നല്‍കുന്നത് തടയാന്‍ സംവിധാനമില്ലാത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നത്. ഒരിടത്ത് വോട്ടുള്ളയാള്‍ വീണ്ടും മറ്റൊരിടത്ത് വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ അപേക്ഷിച്ചാല്‍ രണ്ടിടത്തും വോട്ടു ചെയ്യാമെന്ന സ്ഥിതിയാണ്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്ന ഘട്ടത്തില്‍ത്തന്നെ നിയന്ത്രണസംവിധാനം ഏര്‍പ്പെടുത്തുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാര മാര്‍ഗമാവും.