പികെ ശശിക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവ് സംഘടനാ ഘടകങ്ങളില്‍ നിന്നും രാജി വച്ചു.

ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ പരാതി നല്‍കിയ ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി അംഗമായ വനിതാ നേതാവ് സംഘടനയുടെ എല്ലാ ഘടകങ്ങളില്‍ നിന്നും രാജി വച്ചു. പരാതി നല്‍കിയപ്പോള്‍ പല നേതാക്കളും ശശിയെ എതിര്‍ക്കുകയും യുവതിയെ അനുകൂലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുവതിക്കൊപ്പം നിന്ന നേതാക്കളെയെല്ലാം സ്ഥാനത്തില്‍ നിന്നും തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് രാജി.

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ജിനേഷ് ബാലനെ ജില്ലാകമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഏലപ്പുള്ളിയില്‍ നടന്ന ഡിവൈഎഫ്‌ഐ ജില്ലാ പഠനക്യാമ്പിനൊപ്പം ചേര്‍ന്ന ജില്ലാ കമ്മിറ്റിക്കു ശേഷമാണ് രാജിക്കത്ത് നല്‍കിയത്.

പികെ ശശി യുവതിയോട് ലൈഗികമായി പെരുമാറിയിട്ടില്ലെന്നും ഫോണിലൂടെ മോശമായി പെരുമാറുകയാണുണ്ടായത് എന്നായിരുന്നു സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷൻ്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ശശിയെ ആറുമാസത്തേക്ക് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.