സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി ബാലകൃഷ്ണനെതിരെ മുംബൈയില്‍ മാനംഭംഗ കേസ്. ഡാന്‍സ് ബാര്‍ ജീവനക്കാരിയായ യുവതിയാണ് പരാതിയുമായി രംഗത്ത് വന്നത്. വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചുവെന്നാണ് പരാതി. ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറഞ്ഞു.
അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് മുപ്പത്തിമൂന്നുകാരിയായ യുവതി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ഓഷിവാര പൊലീസ് കേസെടുത്തു. ബിനോയിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് 2009 നവംബറില്‍ ഗര്‍ഭിണിയായെന്നും തുടര്‍ന്ന് മുംബൈയിലെത്തിയെന്നും എഫ്‌ഐആറില്‍ യുവതി പറയുന്നുണ്ട്. വിവാഹം കഴിക്കുമെന്ന് തന്റെ മാതാപിതാക്കള്‍ക്കും ബിനോയ് ഉറപ്പുനല്‍കിയിരുന്നു. 2010 ല്‍ അന്ധേരിയില്‍ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അവിടെ താമസിപ്പിച്ചു. എല്ലാ മാസവും പണം അയച്ചുതന്നിരുന്നു. എന്നാല്‍ 2015 ലാണ് തന്നെ ഒഴിവാക്കാന്‍ ശ്രമം തുടങ്ങിയത്. 2018 ലാണ് ബിനോയ് വിവാഹിതനാണെന്ന് മനസിലാക്കുന്നതെന്നും യുവതി പറയുന്നു. ഇക്കാര്യം ചോദിച്ചപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ മൊഴിയായി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ പരാതിക്കാരിയെ അറിയാമെന്ന് പറഞ്ഞ ബിനോയ് കോടിയേരി ഇത് ബ്ലാക്ക് മെയിലിങ്ങാണെന്ന് വിശദീകരിച്ചു. അഭിഭാഷകരുമായി സംസാരിച്ച ശേഷമായിരിക്കും പരാതിക്കെതിരെ പ്രതികരിക്കുകയുള്ളു എന്നും വിശദീകരണവുമായി ഉടന്‍ മാധ്യമങ്ങളുടെ മുന്നിലെത്തുമെന്നും ബിനോയി കോടിയേരി അറിയിച്ചു.