പഴംതീനി വവ്വാലുകളില്‍ നിന്നാണ് കേരളത്തില്‍ നിപ വൈറസ് ബാധയുണ്ടായതെന്ന് പുണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷ്വര്ധന് ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ ആദ്യവാരം രോഗം കണ്ടെത്തിയ ഉടന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രത്യേകസംഘം, പഴങ്ങള്‍ ഭക്ഷിക്കുന്ന 36 വവ്വാലുകളെ പരിശോധിച്ചു. ഇതില്‍ 12 എണ്ണത്തിലും വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. കഴിഞ്ഞവര്‍ഷം ഇതേ രീതിയില്‍ 52 വവ്വാലുകളെ പരിശോധിച്ചപ്പോള്‍ 10 എണ്ണത്തില്‍ വൈറസ് കണ്ടെത്തിയിരുന്നു. വവ്വാലുകളിലൂടെയാണ് രോഗം പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത്. ഈ വര്‍ഷം രാജ്യത്ത് ഒരാള്‍ക്കു മാത്രമാണ് നിപ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി ആശുപത്രി വിട്ടതായും മന്ത്രി വ്യക്തമാക്കി. അടൂര്‍ പ്രകാശും ഹൈബി ഈഡനും ഉന്നയിച്ച ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം.
സംശയത്തെത്തുടര്‍ന്ന് കേരളത്തില്‍ 50 പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചെങ്കിലും ആര്‍ക്കും രോഗമില്ലെന്ന് തെളിഞ്ഞു. ഇന്ത്യയില്‍ ഇതുവരെ പശ്ചിമമബംഗാളിലും കേരളത്തിലും മാത്രമാണ് രോഗം കണ്ടെത്തിയത്. 2001 ല്‍ ബംഗാളിലെ സിലിഗുഡിയില്‍ 66 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 45 പേര് മരിച്ചു. 2007 ല്‍ ബംഗാളിലെ നദിയയില്‍ അഞ്ചുപേരില്‍ രോഗം കണ്ടെത്തി. അഞ്ചുപേരും മരിച്ചു. 2018 ല്‍ കേരളത്തില്‍ 19 പേരില്‍ രോഗം കണ്ടെത്തി. അവരില്‍ 17 പേര് മരണപ്പെട്ടിരുന്നു. ഈ വര്‍ഷം രോഗബാധയെത്തുടര്‍ന്ന് മരണങ്ങളൊന്നുമുണ്ടായില്ല എന്നും മന്ത്രി വ്യക്തമാക്കി.