കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. മുതിര്‍ന്ന നേതാക്കള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും രാജിയല്ലാത്ത മറ്റ് തീരുമാനങ്ങളൊന്നും തനിക്കില്ലെന്ന് രാഹുല്‍ വ്യക്തമാക്കുകയാണ്. രാഹുല്‍ രാജിയിലുറച്ച് നിന്നതോടെ കോണ്‍ഗ്രസ് നേതൃത്വവും വെട്ടിലായിരിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് രാഹുല്‍ രാജിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുത്തു. രാഹുല്‍ ഗാന്ധിയെ പിന്‍തിരിപ്പിക്കാന്‍ എല്ലാ നേതാക്കളും ശ്രമിച്ചു. എന്നാല്‍, തീരുമാനത്തില്‍ മാറ്റമില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. രാഹുലിന് കൂടാതെ മറ്റൊരാളെ നിലവില്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി യോഗവും രാഹുലിനായി സമ്മര്‍ദം ചെലുത്തി. പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് നേരത്തെ രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.
രാജി തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവർത്തിച്ചതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തീരുമാനത്തിന് മാറ്റമില്ലെന്നും പിന്‍ഗാമിയെ പാര്‍ട്ടി തീരുമാനിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ‘തീരുമാനങ്ങളെടുക്കാന്‍ ശരിയായ ആള്‍ ഞാനല്ല. അത്തരം കാര്യങ്ങളിലൊന്നും ഇടപെടുകയുമില്ല,’ രാഹുല്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വളരെ ദയനീയമായ പരാജയമാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. എന്‍ഡിഎ 353 സീറ്റുകള്‍ നേടിയപ്പോള്‍ വെറും 52 സീറ്റാണ് കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചത്. തന്റെ സ്വന്തം മണ്ഡലമായ അമേഠിയില്‍ സ്മൃതി ഇറാനിയുമായി മത്സരിച്ച രാഹുല്‍ ഗാന്ധി പരാജയമേറ്റുവാങ്ങി. അതേസമയം, വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ വിജയിച്ചത്.
രണ്ടാം തവണയും കോണ്‍ഗ്രസ് പാര്‍ട്ടി നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ അധ്യക്ഷ പദവിയില്‍ നിന്നും രാജിവയ്ക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. പദവിയിലേക്ക് ഉചിതനായ ഒരാളെ പാര്‍ട്ടി കണ്ടെത്തുന്നതു വരെയേ താന്‍ തുടരുകയുള്ളൂ എന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.