ഡെന്മാര്ക്കില് ഇടതുകക്ഷികളുടെ കൂട്ടായ്മയില്‍ പുതിയ സര്‍ക്കാര്‍. ഡെമോക്രാറ്റിക് നേതാവ് മെയ്റ്റെ ഫ്രെഡറിക്സണിന്റെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ രൂപീകൃതമായത്. ഇതോടെ ഡെന്മാര്ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി മെയ്റ്റെ ഫ്രെഡറിക്സണ് (41).
ജൂണ്‍ അഞ്ചിനായിരുന്നു ഡെന്മാര്ക്കില് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്. എന്നാല്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. ഇതോടെ ആഴ്ചകളോളം ചര്‍ച്ചകള്‍ നീണ്ടു. ഒടുവില്‍ റെഡ് ബ്ലോക്ക് എന്നറിയപ്പെടുന്ന ദ സോഷ്യല്‍ ലിബറല്‍സ്,, റെഡ്ഗ്രീന്‍ അലയന്‍സ്, സോഷ്യലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടി, എന്നീ ഇടത് പാര്‍ട്ടികളുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപികരിച്ചത്. ആകെ 179 സീറ്റുകളാണുള്ളത്. ഇതില്‍ 91 സീറ്റുകള്‍ ഇടതുപക്ഷം നേടി.
ഒരു ദശകത്തിവനുള്ളില്‍ 70 ശതമാനം കാര്‍ബണ്‍ ഡയോക്സൈഡ് പ്രസരണം കുറയ്ക്കുന്നതിന് വേണ്ടിയുള്ള നിയമനിര്‍മ്മാണം, ചിലവ് ചുരുക്കല്‍, ക്ഷേമ പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളിലാണ് ഇടതുകക്ഷികളുമായുള്ള ധാരണ. വലതുകക്ഷിയായ ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടിയെ പരാജയപ്പെടുത്തിയാണ് ഇടതുപക്ഷം അധികാരത്തിലെത്തിയത്. രാജ്യത്തെ മുസ്ലിംങ്ങളെ നാടുകടത്തണമെന്ന് പറഞ്ഞതിലൂടെ പ്രചാരണ സമയത്ത് വിവാദമുണ്ടാക്കിയ പാര്‍ട്ടിയാണ് ഡി.പി.പി. രാജ്യത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായിരുന്ന ഡി.പി.പിയ്ക്ക് 2015 ലെ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ പകുതി വോട്ടുകളും നഷ്ടമായിട്ടുണ്ട്.