നെടുങ്കണ്ടം കസ്റ്റഡി മരണം: നാല് പൊലീസുകാരെ കൂടി സസ്‍പെന്‍ഡ് ചെയ്തു

പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ നെടുങ്കണ്ടം സ്റ്റേഷനിലെ നാല് പൊലീസുകാരെക്കൂടി സസ്പെന്‍ഡ് ചെയ്തു. റൈറ്റർ -റോയ് പി വർഗീസ്, അസി റൈറ്റർ ശ്യാം,സീനിയർ സി.പി.ഒമാരായ -സന്തോഷ്‌, ബിജു ലൂക്കോസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെതാണ് നടപടി.

സംഭവത്തിൽ നെടുങ്കണ്ടം സ്റ്റേഷനിലെ പത്ത് പൊലീസുകാർക്കെതിരെ ഇന്നലെ നടപടി സ്വീകരിച്ചിരുന്നു. നെടുങ്കണ്ടം എസ്‌ഐ ഉൾപ്പെടെ നാലുപേരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും സി ഐ അടക്കം ആറുപേരെ കൂട്ടത്തോടെ സ്ഥലംമാറ്റുകയുമാണ് ചെയ്തത്. പ്രതി വാഗമൺ സ്വദേശി രാജ്കുമാർ മരിച്ചത് കസ്റ്റഡി മർദ്ദനം കാരണമാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.

സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു മരിച്ച രാജ്കുമാർ. നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഈ മാസം 16നാണ് പീരുമേട് സബ് ജയിലിൽ എത്തിച്ചത്. ജയിലിൽ എത്തിയത് മുതൽ രാജ്കുമാർ തീരെ അവശനായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ഇരു കാൽമുട്ടിനും താഴെ മൂന്നിടങ്ങളായി തൊലി അടർന്ന് മാറിയതായി കണ്ടെത്തിയിരുന്നു.