പീരുമേട് കസ്റ്റഡി മരണം അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി കെ.എം സാബു മാത്യുവിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് കേസന് അന്വേഷിക്കുക. ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോണ്‍സണ്‍ ജോസഫാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍. ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐജിയുടെ നിയന്ത്രണത്തിലായിരിക്കും സംഘത്തിന്റെ അന്വേഷണം. 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി നിര്‍ദേശം നൽകി. ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിക്കുമെന്ന മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു.
പൊലീസുകാര്‍ക്കെതിരായ അന്വേഷണം ആയതുകൊണ്ടുതന്നെ നേരത്തെ പല പൊലീസ് ഉദ്യോഗസ്ഥരും അന്വേഷണ ചുമതല ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. ഒടുവിലാണ് ഇടുക്കിയുടെ കൂടി ചുമതലയുള്ള കോട്ടയം എസ്പിക്ക് കേസന്വേഷണ ചുമതല നല്‍കിയത്. എസ്പിയെ കൂടാതെ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍നിന്നുള്ള ഏഴ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിന്റെ ഭാഗമാകും.
അന്വേഷണത്തിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള വിമുഖത മൂലം ഐജി നേരിട്ട് എത്തി അന്വേഷണത്തിന് നതൃത്വം നല്‍കുന്നുണ്ട്. അദ്ദേഹം ഇന്ന് കൊല്ലപ്പെട്ട രാജ്കുമാറിന്റെ വീട്ടില്‍ പോയി. അതിനു ശേഷം സബ്ജയിലിലും രാജ്കുമാറിനെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിലും എത്തി തെളിവെടുപ്പ് നടത്തും.
റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ചതില്‍ സംശയകരമായ സാഹചര്യമുണ്ടെന്നും ഇത് പ്രത്യേകസംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ കേസന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം രൂപവത്കരിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി.ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പീരുമേട് കസ്റ്റഡി മരണത്തില്‍ കുറ്റം ചെയ്തിട്ടുള്ള ആരെയും സംരക്ഷിക്കില്ലെന്നും പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് പ്രത്യേകം പരിശോധിക്കുമെന്നും ഡി.ജി.പി. വ്യക്തമാക്കിയിരുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ജൂൺ 16ന് കസ്റ്റഡിയിലെടുത്ത രാജ്കുമാറാണ് കഴിഞ്ഞ 21നാണ് പീരുമേട് സബ്ജയിലിൽ കഴിയവെ മരിച്ചത്. പൊലീസിന്‍റെ കസ്റ്റഡി മര്‍ദനമാണ് മരണ കാരണമെന്ന് നേരത്തെ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.
രാജ്കുമാറിനെ 12 ന് തന്നെ പൊലീസിനെ ഏൽപ്പിച്ചിരുന്നുവെന്നും എന്നാൽ 16നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിൽ ദുരൂഹതയുള്ളതായി പ്രതിയെ കൈമാറിയ നെടുങ്കണ്ടം പഞ്ചായത്ത് അംഗം ആലീസ് തോമസ് വെളിപ്പെടുത്തിയിരുന്നു.