പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പി.കെ ശ്യാമള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഇ.പി ജയരാജന്‍

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമള ഒരു തെറ്റും ചെയ്തിട്ടില്ലെന്നു മന്ത്രി ഇ.പി. ജയരാജന്‍. സാജന്റെ ആത്മഹത്യയില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സംഭവത്തില്‍ ആരേയും കുറ്റവാളിയായി കാണാനാവില്ലെന്നും മന്ത്രി പറഞ്ഞു.നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിക്കുന്നത് സംസ്ഥാനത്തെ നിക്ഷേപത്തെ ബാധിക്കും. ആന്തൂര്‍ വിഷയത്തില്‍ സര്‍ക്കാരിന് ഒരു തെറ്റും സംഭവിച്ചിട്ടില്ല. പരിശോധനയും അന്വേഷണവും നടത്തിയാണ് കുറ്റവാളിയെ കണ്ടെത്തേണ്ടതെന്നും പൂര്‍ണമായ അന്വേഷണ റിപ്പോര്‍ട്ട് വന്നുകഴിഞ്ഞാല്‍ പറഞ്ഞതെല്ലാം പ്രതിപക്ഷത്തിനു തിരുത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.