മൊബൈൽ ഫോൺ മോഷണം പോയാൽ ഇനി പേടിക്കേണ്ട. നഷ്ടപ്പെട്ട ഫോണുകൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനുളള വഴിയൊരുക്കുകയാണ് ടെലികോം മന്ത്രാലയം. ഫോണുകളുടെ ഇന്റർനാഷനൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി(IMEI) നമ്പരുകളുടെ ഡേറ്റാബേസായ സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി റജിസ്റ്ററിലൂടെയാണ് (സിഇഐആർ) ഫോണുകൾ എളുപ്പത്തിൽ കണ്ടെത്താനാവുക. ഓരോ മൊബൈലിനുമുള്ള പതിനഞ്ചക്ക തിരിച്ചറിയല്‍ നമ്പരാണ് ഐഎംഇഐ.
ഐഎംഇഐ നമ്പരുകളുടെ പട്ടിക ഏതാനും ആഴ്ചകൾക്കുളളിൽ പൂർത്തിയാക്കും. അതിനുശേഷം ഫോൺ നഷ്ടപ്പെട്ടാൽ പൊലീസിൽ പരാതി നൽകിയശേഷം, ഹെൽപ്ലൈൻ നമ്പർ മുഖേന ടെലികോം വകുപ്പിനെ വിവരം അറിയിക്കണം. ടെലികോം മന്ത്രാലയം നഷ്ടപ്പെട്ട ഫോണിന്റെ ഐഎംഇഐ നമ്പർ ബ്ലാക്ലിസ്റ്റിൽപെടുത്തും. ഇതോടെ ഫോൺ ബ്ലോക് ആവുകയും ഏതെങ്കിലും മൊബൈൽ നെറ്റ്വർക്കിൽ ഉപയോഗിക്കുന്നതു തടയുകയും ചെയ്യും.
ഐഎംഇഐ നമ്പരുകളുടെ പട്ടിക തയ്യാറാക്കാനുള്ള പദ്ധതി 2017 ജൂലൈയിലാണ് ടെലികോം വകുപ്പ് പ്രഖ്യാപിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ മഹാരാഷ്ട്രയിൽ ഒരു തവണ നടപ്പാക്കുകയും ചെയ്തു. ”ഫോണുകൾ മോഷണം പോകുന്നത് വലിയൊരു പ്രശ്നമായി മാറിയിട്ടുണ്ട്. ഫോണുകൾ നഷട്പ്പെടുന്നതിലൂടെ ധനനഷ്ടം മാത്രമല്ല, വ്യക്തികളുടെ ജീവനും രാജ്യസുരക്ഷയ്ക്കും ഭീഷണി ഉയർത്തുന്നുണ്ട്. വിപണികളിലെ വ്യാജ ഫോണുകൾ ടെലികോം വകുപ്പിനെ സംബന്ധിച്ച് മറ്റൊരു വലിയ പ്രശ്നമാണ്. വ്യാജ മൊബൈൽഫോണുകൾ മറ്റു മൊബൈൽ നെറ്റ്വർക്കുകളിൽ വ്യാജ ഐഎംഇഐ നമ്പരുകളിൽ ആക്ടീവാണെന്ന്”ടെലികോം വകുപ്പ് പറയുന്നു.
വൈറ്റ്, ഗ്രേ, ബ്ലാക്ക് എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലായാണ് ഐഎംഇഐ നമ്പരുകളെ പട്ടികയിൽ പെടുത്തുക. ഉപയോഗത്തിലുള്ള ഫോണുകളുടെ നമ്പരുകളാണ് വൈറ്റ് ലിസ്റ്റിലുണ്ടാവുക. മോഷണം പോയതോ നഷ്ടപ്പെടുകയോ ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ട മൊബൈലുകളുടെ ഐഎംഇഐ നമ്പരുകളാണ് ‘ബ്ലാക്ക്’ വിഭാഗത്തിൽ ഉൾപ്പെടുത്തുക. യഥാര്‍ഥമാണെന്നു സ്ഥിരീകരിക്കാത്ത ഐഎംഇഐ നമ്പരുകളാണ് ‘ഗ്രേ’ വിഭാഗത്തില്‍ വരിക.