കുറ്റവാളികളെ വിചാരണക്കായി ചൈനക്ക് വിട്ടുനല്‍കാനുള്ള ബില്ലിനെതിരെ ഹോങ്കോങില്‍ ആരംഭിച്ച ജനകീയ പ്രക്ഷോപം കൂടുതല്‍ ശക്തിപ്പെടുന്നു. 1942 മുതല്‍ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങിനെ 1997 ല്‍ ബ്രിട്ടന്‍ ചൈനക്ക് കൈമാറിയതിന്റെ 22-ാം വാര്‍ഷിക ദിനത്തില്‍ പ്രക്ഷോഭക്കാര്‍ സര്‍ക്കാര്‍ അസ്ഥാനത്തിന്റെ ചില്ലുവാതിലുകള്‍ തകര്‍ത്ത് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറി.
കനത്ത പൊലീസ് കാവലിലാണ് ഹോങ്കോങ് കണ്‍വന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ വാര്‍ഷിക ദിനത്തിന്റെ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നത്. എന്നാല്‍ പ്രതിഷേധക്കാര്‍ പ്രധാനപാതകളിലെല്ലാം തടസം സൃഷ്ടിച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പാര്‍ലമെന്ററി സെന്‍ട്രല്‍ ചേംബറിലേക്ക് കയറിയ പ്രക്ഷോഭക്കാര്‍ ചുമരില്‍ കറുത്ത പെയിന്റ് അടിച്ച് പ്രതിഷേധിച്ചു. ലാത്തിച്ചാര്‍ജ് നടത്തിയും കുരുമുളക് സ്‌പ്രേ ഉപയോഗിച്ചുമാണ് പൊലീസുകാർ പ്രതിഷേധക്കാരെ നേരിട്ടത്.
ഹോങ്കോങ്ങില്‍ ചൈനയുടെ പിന്തുണയുള്ള മേഖലാ ഭരണാധികാരി കാരി ലാമിനുനേരെ മൂന്നാഴ്ചയിലധികമായി നടക്കുന്ന പ്രക്ഷോഭത്തില്‍ ലക്ഷക്കണക്കിനു പേരാണ് തെരുവിലിറങ്ങുന്നത്. കുറ്റവാളികളെ വിചാരണയ്ക്ക് ചൈനയടക്കമുള്ള രാജ്യങ്ങള്‍ക്ക് കൈമാറാന്‍ കാരി ലാം കൊണ്ടുവന്ന ബില്‍ പ്രതിഷേധങ്ങളെത്തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. കാരി ലാം രാജിവെക്കണമെന്നാണ് ഇപ്പോള്‍ പ്രതിഷേധക്കാരുടെ ആവശ്യം.