രാഹുലിന്റെ രാജി തീരുമാനത്തോട് പിന്തുണച്ച് പ്രിയങ്ക

രാജി തീരുമാനം പരസ്യമായി പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി സഹോദരി പ്രിയങ്ക ഗാന്ധി. ഒരുപാട് പേര്‍ക്കുണ്ടാകില്ല ഈ ധൈര്യം, രാഹുല്‍ ഗാന്ധിയുടെ ഈ തീരുമാനത്തിനോട് ബഹുമാനം മാത്രം. പ്രിയങ്ക ട്വീറ്റ് ചെയ്തു. പരസ്യമായി രാഹുല്‍ ഗാന്ധി രാജിക്കത്ത് നല്‍കിയതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം. അധികാരത്തിന് വേണ്ടിയല്ല, താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്നും ആരോടും വിദ്വേഷമില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിക്കാന്‍ ആയതില്‍ അഭിമാനമുണ്ടെന്നും പറഞ്ഞ് രാഹുല്‍ ഗാന്ധി എഴുതിയ രാജിക്കത്ത് ഇന്നലെ പുറത്ത് വന്നിരുന്നു.

ശക്തവും അന്തസ്സുറ്റതുമായ പോരാട്ടമാണ് തെരഞ്ഞെടുപ്പില്‍ നമ്മള്‍ കാഴ്ചവച്ചത്. സാഹോദര്യത്തോട് കൂടിയതും ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളോടും ജാതി-മതവിഭാഗങ്ങളോടും സഹിഷ്ണുതയും ബഹുമാനവും പുലര്‍ത്തിയുള്ളതായിരുന്നു നമ്മുടെ പ്രചാരണം. പ്രധാനമന്ത്രിക്കും ആര്‍എസ്എസിനും അവര്‍ പിടിച്ചടക്കിയ വ്യവസ്ഥകള്‍ക്കുമെതിരെ ഞാന്‍ എന്നാലാവും വിധം പോരാടി. ഇന്ത്യയെ സ്‌നേഹിക്കുന്നത് കൊണ്ടായിരുന്നു അത്. ആ നേരങ്ങളില്‍ ഞാന്‍ ഒറ്റക്കും അതിലേറ്റവും അഭിമാനമുള്ളവനും ആയിരുന്നു. നമ്മുടെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും അണികളുടെയും ആത്മാര്‍ഥതയില്‍ നിന്നും ഊര്‍ജത്തില്‍ നിന്നും ഞാനൊരുപാട് പഠിച്ചു. രാഹുല്‍ കത്തില്‍ പറയുന്നു.
ഞാന്‍ ജനിച്ചത് കോണ്‍ഗ്രസുകാരനായാണ്. ഈ പാര്‍ട്ടി എല്ലായ്‌പ്പോഴും എന്നോടൊപ്പമുണ്ടായിരിക്കും. അതെന്റെ ജീവരക്തമാണ്, അത് എപ്പോഴും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും എന്ന് പറഞ്ഞാണ് രാഹുല്‍ കത്ത് അവസാനിപ്പിച്ചത്.