ലൈംഗിക ന്യൂനപക്ഷങ്ങളെയും ദേശീയ ചലചിത്ര അവാര്‍ഡുകള്‍ക്ക് പരിഗണിക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് ഉത്പാല്‍ ദത്ത

ദേശീയ ചലചിത്ര അവാര്‍ഡുകള്‍ക്ക് ലൈംഗീക ന്യൂനപക്ഷങ്ങളെയും പരിഗണിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തെഴുതി സംവിധായകനും നിരൂപകനുമായ ഉത്പാല്‍ ദത്ത. എല്ലാ സര്‍ക്കാര്‍ മേഖലകളിലും ലൈംഗിക ന്യൂനപക്ഷങ്ങളെ അംഗീകരിച്ചിട്ടുള്ളതു കൊണ്ട് തന്നെ സമൂഹത്തിലെ പാര്‍ശ്വവല്‍കരിക്കപ്പെട്ട വിഭാഗത്തെ ദേശീയ ചലചിത്ര അവാര്‍ഡുകള്‍ക്കായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉത്പാല്‍ ദത്ത രാഷ്ട്രപതിക്ക് കത്തെഴുതിയത്.

വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് തുല്യവകാശം നല്‍കുന്ന 2014 ലെ സുപ്രീംകോടതി വിധി പരാമര്‍ശിച്ചാണ് കത്ത്. അവാര്‍ഡിനായി പരിഗണിക്കുന്നത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് കൂടുതല്‍ ധൈര്യം നല്‍കുമെന്ന് ദത്ത കത്തില്‍ സൂചിപ്പിച്ചു. അവര്‍ക്ക് പരിഗണന നല്‍കുന്നതിലൂടെ വര്‍ഷങ്ങളായി അവര്‍ക്ക് നഷ്ടപ്പെട്ട ശരിയായ അംഗീകാരവും സാമൂഹിക പദവിയും നേടാന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യന്‍ സര്‍ക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ് നടത്തുന്ന ദേശീയ ചലചിത്ര അവാര്‍ഡുകള്‍, മികച്ച നടന്‍, സഹനടന്‍, ഗായകന്‍, ഗായിക എന്നീ വിഭാഗങ്ങളില്‍ മൂന്നു ലിംഗങ്ങളെ അടയാളപ്പെടുത്തിക്കൊണ്ടുള്ള അവാര്‍ഡുകള്‍ ഇതിനകം തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും ദത്ത ചൂണ്ടികാട്ടി. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തമ മാര്‍ഗമാണിതെന്നും ദത്ത വ്യക്തമാക്കുന്നു.

Content Highlight: Sexual minorities should also be considered for national film awards; Utpal Datta sends letter to President