ഇടക്കാല അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് സോണിയ ഗാന്ധി

ദില്ലി: ഇടക്കാല അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം തള്ളി സോണിയ ഗാന്ധി. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജി വച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉണ്ടായ വലിയ പ്രതിസന്ധി മറികടക്കാനാണ് സോണിയാ ഗാന്ധിയോട് ഇടക്കാല അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ ഒരു വിഭാഗം നേതാക്കന്മാര്‍ ആവശ്യപ്പെട്ടത്. ഒരിക്കല്‍ പാര്‍ട്ടി അധ്യക്ഷയായിരുന്ന താന്‍ ഇടക്കാലത്തേക്കാണെങ്കിലും വീണ്ടും ആ സ്ഥാനത്തേക്ക് ഇല്ലെന്നാണ് സോണിയ ഗാന്ധിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധിയോട് വീണ്ടും അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് പറഞ്ഞ് സമ്മര്‍ദ്ദം ചെലുത്തണമെന്നുള്ള നേതാക്കന്മാരുടെ ആവശ്യവും സോണിയ ഗാന്ധി തള്ളി.

കര്‍ണ്ണാടക ഗോവ പ്രതിസന്ധി രൂക്ഷമായതോടെ അധ്യക്ഷ പദവിയിലേക്കുള്ള ചര്‍ച്ചകളും സ്തംഭിച്ചിരിക്കുകയാണ്. നയിക്കാന്‍ ആളില്ലാത്ത പാര്‍ട്ടിയില്‍ ഇനിയും ആളുകള്‍ കൊഴിഞ്ഞുപോകുമോ എന്ന ആശങ്കയിലാണ് പാര്‍ട്ടി നേതാക്കള്‍. ബിജെപിക്കെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തിയതൊഴിച്ചാല്‍ വേറൊരു പ്രവര്‍ത്തനങ്ങളും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കര്‍ണാടകയിലും ഗോവയിലും ഉണ്ടായ തിരിച്ചടി മറ്റ് പല സംസ്ഥാനങ്ങളിലും ഉണ്ടാകുമെന്നാണ് ബിജെപി നേതാക്കളുടെ കണക്കുകൂട്ടല്‍.