ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

തെലങ്കാന: ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് എട്ടാംക്ലാസ് വിദ്യാര്‍ത്ഥി ചരണ്‍ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ ബോണ്‍ഗിറിലാണ് സംഭവം. കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് റെയില്‍വെ ട്രാക്കില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച മുതല്‍ കാണാതായ കുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ചയാണ് രാമണപ്പേട്ട് റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയത്.

ചരണിനെ കാണാനാവുന്നതിന് മൂന്നു ദിവസം മുമ്പാണ് സ്‌കൂള്‍ മാനേജ്‌മെന്റ് ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പ് നടത്തിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ പെണ്‍കുട്ടിയോട് തോറ്റതിന് ശേഷം ചരണ്‍ മാനസിക വിഷമത്തിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലെത്തിച്ചതെന്നും ബോണ്‍ഗിര്‍ ഡിസിപി വ്യക്തമാക്കി. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ ചരണിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.