ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്നും രാഹുല്‍ ഗാന്ധി രാജിവച്ച ശേഷം പദവിയിലേക്ക് പ്രിയങ്ക ഗാന്ധിയെ പിന്തുണച്ച് മുതിര്‍ന്ന നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ നട്വര് സിങ്. അധ്യക്ഷ പദവിയിലേക്ക് ഗാന്ധി കുടുംബത്തില്‍ നിന്നു തന്നെ ഒരാളാവണമെന്നും അല്ലാത്ത പക്ഷം പാര്‍ട്ടി അധികം നീളാതെ തന്നെ പിളരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രിയങ്കയ്ക്ക് പാര്‍ട്ടി അധ്യക്ഷനാവാനുള്ള യോഗ്യത ഉണ്ടെന്നും നട്വര് സിങ് പറഞ്ഞു. എന്നാല്‍ തീരുമാനം പ്രിയങ്കയെ ആശ്രയിച്ചിരിക്കും. 134 വര്‍ഷം പഴക്കമുള്ള പാര്‍ട്ടിക്ക് അധ്യക്ഷനില്ലാതാവുന്നത് ദയനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രിയങ്കയെ അധ്യക്ഷയാക്കണമെന്ന് കഴിഞ്ഞ ദിവസം അനില്‍ ശാസ്ത്രിയും ആവശ്യപ്പെട്ടിരുന്നു. മറ്റാരെങ്കിലും സ്ഥാനം ഏറ്റെടുത്താല്‍ അത് എല്ലാവരും അംഗീകരിക്കണമെന്നില്ല. അങ്ങനെ മറ്റൊരാള്‍ ഉണ്ടായാല്‍ തന്നെ അത് പാര്‍ട്ടിയെ വിഭജനത്തിലേക്ക് നയിച്ചേക്കാമെന്നും മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മകന് കൂടിയായ അനില്‍ ശാസ്ത്രി പറഞ്ഞു.