ബെംഗളുരു: കര്‍ണാടക പ്രതിസന്ധിയില്‍ വെള്ളിയാഴ്ച പിരിഞ്ഞ നിയമസഭ ഇന്ന് പതിനൊന്നു മണിക്ക് വീണ്ടും ചേരും. കോണ്‍ഗ്രസ്- ദള്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുമോയെന്ന കാര്യത്തില്‍ തീരുമാനമായില്ല. അതേസമയം ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ച എംഎല്‍എമാരായ ആര്‍ ശങ്കര്‍, എച്ച് നാഗേഷ് എന്നിവര്‍ ഇന്നു തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. ഇന്നു തന്നെ നത്തണമെന്നാണ് സ്പീക്കര്‍ കെആര്‍ രമേശ് കുമാറിന്റെയും ആവശ്യം.
ഭരണകൂടത്തില്‍ കടിച്ചു തൂങ്ങാന്‍ താല്‍പര്യമില്ലെന്ന് മുഖ്യമന്ത്രി കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. വിശ്വാസവോട്ടെടുപ്പിന്റെ കാര്യത്തില്‍ ധാര്‍മികതയെക്കുറിച്ച് സംസാരിക്കുന്ന ബിജെപി ജനാധിപത്യത്തിന്റെയും ഭരണഘടനയുടേയും തത്വങ്ങളെ അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കുമാരസ്വാമിയുടെ ഭരണം അവസാനിക്കാറായെന്നും അദ്ദേഹം സമയം വിലയ്ക്കു വാങ്ങുകയാണെന്നും പ്രതിപക്ഷനേതാവ് ബിഎസ് യെഡ്യൂരപ്പ പറഞ്ഞു.
സഖ്യസര്‍ക്കാരിനെ രക്ഷിക്കാന്‍ ജെഡിഎസ് ത്യാഗത്തിനു തയാറാണെന്നു റിപ്പോര്‍ട്ടുണ്ട്. കുമാരസ്വാമിക്കു പകരം കോണ്‍ഗ്രസ് നേതാക്കളായ സിദ്ധാരാമയ്യ, ജി.പരമേശ്വര, ഡി.കെ.ശിവകുമാര്‍ എന്നിവരില്‍ ആരെങ്കിലും മുഖ്യമന്ത്രിപദം ഏറ്റെടുക്കാന്‍ ദള്‍ സമ്മതം മൂളിയെന്നാണ് സൂചന. മുഖ്യമന്ത്രി കുമാരസ്വാമിക്ക് അനുകൂലമായി വോട്ടു ചെയ്യാന്‍ ബിഎസ്പി എംഎഎല്‍എ എന്‍.മഹേഷിന് പാര്‍ട്ടി അധ്യക്ഷ മായാവതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.