കര്‍ണാടക മുഖ്യമന്ത്രിയായി യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യും. സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ ഗവര്‍ണറെ കണ്ട് ബി.ജെ.പി അവകാശവാദമുന്നയിക്കും. സര്‍ക്കാര്‍ പരാജയപ്പെട്ടെങ്കിലും ജെഡിഎസ് സഖ്യം തുടരാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം.

വിശ്വാസ വോട്ടെടുപ്പില്‍ കുമാരസ്വാമി രാജിവച്ചതോടെ 14 മാസത്തിന് ശേഷം ബി എസ് യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് എത്തുകയാണ്. 2007 ലാണ് യെദ്യൂരപ്പ ആദ്യമായി മുഖ്യമന്ത്രി ആവുന്നത്. കര്‍ണാടകയിലെ ലിംഗായത്ത് സമുദായത്തിന്റെ വലിയ പിന്തുണയും അദ്ദേഹത്തിനുണ്ട്. ജനപിന്തുണ പരിഗണിച്ചാണ് യെദ്യൂരപ്പയെ ബി.ജെ.പി മുഖ്യമന്ത്രിയായി വീണ്ടും പരിഗണിച്ചത്. കര്‍ണാടക നിയമസഭയില്‍ 105 എംഎല്‍എമാരുള്ള വലിയ ഒറ്റക്കക്ഷിയാണ് ബിജെപി. 15 വിമതരുടെ രാജി സ്വീകരിക്കുകയോ അവരെ അയോഗ്യരാക്കുകയോ ചെയ്താല്‍ രണ്ട് സ്വതന്ത്രരുടെ പിന്തുണയില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷമാകും.