ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിയില്‍ മരണപ്പെട്ട രാജ്കുമാറിന്റെ മൃതദേഹം നാളെ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ഒരുങ്ങുന്നു. സംസ്‌കരിച്ചു കഴിഞ്ഞ് 37 ദിവസങ്ങള്‍ക്കു ശേഷമാണ് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്. കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷനാണ് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നത്. വിദഗ്ധരുടെ സംഘവും ഇതിനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളേജിലാണ് ആദ്യം രാജ്കുമാറിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയത്. എന്നാല്‍ മൃതദേഹത്തിലെ മുറിവുകളുടെ പഴക്കം കണ്ടെത്താന്‍ കഴിയാഞ്ഞതും ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് എടുക്കാതിരുന്നതും ഗുരുതര വീഴ്ചയായിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ ചുമതല ഏറ്റെടുത്ത ജുഡീഷ്യല്‍ കമ്മീഷന്‍ രണ്ടാമത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിക്കുന്നത്.
പ്രധാനമായും വാരിയെല്ലുകളിലേറ്റ പരിക്കാണ് പരിശോധിക്കുന്നത്. ഇത് മരണസമയത്ത് സിപിആര്‍ കൊടുത്തപ്പോള്‍ സംഭവിച്ചതാണ് എന്നായിരുന്നു ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇത് പോലീസ് മര്‍ദ്ദനത്തിന്റെയാണോ എന്നു പരിശോധിക്കും. അതേസമയം ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് എടുക്കാന്‍ പറ്റാത്ത വിധത്തില്‍ ആയിട്ടുണ്ടാവുമെന്നും പറയുന്നു.
പോസ്റ്റുമോര്‍ട്ടത്തിനു വേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന പോലീസ് സര്‍ജന്മാരായ പി.ബി. ഗുജ്റാള്‍, കെ. പ്രസന്നന്‍ എന്നിവരെ കൂടാതെ ഡോ. എ. കെ.ഉന്മേഷ് എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടാംവട്ട പോസ്റ്റുമോര്‍ട്ടം നടക്കുന്നത്.