സംസ്ഥാനത്ത് കൊവിഡ് ദ്രുത പരിശോധന തിങ്കളാഴ്ച മുതൽ ആരംഭിക്കും

covid rapid antibody testing started in kerala on monday

കേരളത്തിൽ കൊവിഡ് ദ്രുത പരിശോധന തിങ്കളാഴ്ച ആരംഭിക്കും. സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം കൂടുന്നതും ഉറവിടം അറിയാത്ത രോഗ ബാധിതർ കൂടുന്നതുമെല്ലാം സംസ്ഥാനത്ത് കടുത്ത ആശങ്ക ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് കൊവിഡ് ദ്രുത പരിശോധന നടത്താൻ തീരുമാനിച്ചത്. ആൻ്റിബോഡി പരിശോധനകൾക്കായി എച്ച്എൽഎൽ കമ്പനിയുടെ ഒരു ലക്ഷം കിറ്റുകളാണ് ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുന്നത്. പബ്ലിക് ഹെൽത്ത് ലാബിലും ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും പരിശോധന നടത്തി 65 ശതമാനം സെൻസിറ്റി ഉണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ഇവ ഉപയോഗിക്കാൻ തീരുമാനിച്ചത്. പൂണെ വൈറോളജി ലാബിൻ്റെ അംഗീകാരവും കിറ്റുകൾക്കുണ്ട്.

രക്തത്തിൽ നിന്നും പ്ലാസ്മ വേർതിരിച്ചെടുത്ത്, അതുപയോഗിച്ചാണ് ദ്രുത പരിശോധന നടത്തുന്നത്. സെൻ്റിനൻ്റൽ സർവലൈൻസിൻ്റെ ഭാഗമായാണ് ആൻ്റിബോഡി പരിശോധന നടത്തുന്നത്. 5 എം എൽ രക്തമാണ് പരിശോധനയ്ക്കായി ഉപയോഗിക്കുന്നത്. ആദ്യ ഘട്ടത്തിൽ 1000 കിറ്റുകൾ വീതം തിരുവന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ എത്തിച്ചു. 5000 എണ്ണം മറ്റ് ജില്ലകളിലേക്കും എത്തിച്ചു. വരും ദിവസങ്ങളിലായി ഇതിനായുള്ള പരിശീലനം നൽകുകയും, തിങ്കളാഴ്ച മുതൽ വ്യാപക പരിശോധനയും ആരംഭിക്കും.

ഐജിജി പോസിറ്റീവായാൽ രോഗം പിടിപെട്ടിട്ട് കുറച്ച് നാളുകളായെന്നും അതിനെതിരെയുള്ള പ്രതിരോധ ശേഷി ആ ആൾ നേടിയെന്നും അനുമാനിക്കാം. എന്നാൽ ഈ വ്യക്തിയുടെ സമ്പർക്കത്തിൽ വന്നവരുടെ വിവരങ്ങൾ വളരെ പ്രധാനപെട്ട ഒന്നാണ്. ഐ.ജി.എം പോസിറ്റീവ് ആകുകയാണെങ്കിൽ ആ വ്യക്തിക്ക് രോഗബാധ ഉണ്ടായിട്ട് അധിക നാൾ ആയില്ലെന്നും ഉറപ്പിക്കാവുന്നതാണ്. ഉറവിടം അജ്ഞാതമായ രോഗബാധിതരുടെ എണ്ണം വർദ്ധിച്ചതോടെയാണ് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത വൈറസ് വാഹകരെ കണ്ടെത്താനുള്ള ആൻ്റിബോഡി പരിശോധന ആരംഭിച്ചത്.

Content Highlights; covid rapid antibody testing started in kerala on monday