വാഷിങ്ടണ്‍: അയല്‍ക്കാര്‍ ഉപേക്ഷിച്ചുപോയ പൂച്ചകള്‍ക്ക് ഭക്ഷണം കൊടുത്തതിന് എഴുപത്തൊമ്പതുകാരിക്ക് അമേരിക്കയില്‍ ജയില്‍ശിക്ഷ. നാന്‍സി സെഗുല എന്ന ഗാര്‍ഫീല്‍ഡ് ഹൈറ്റ്‌സ് സ്വദേശിയായ വയോധികയ്ക്കാണ് ശിക്ഷ ലഭിച്ചത്.
തെരുവുപൂച്ചകള്‍ക്കും നായകള്‍ക്കും ഭക്ഷണം കൊടുക്കുന്നത് ഗാര്‍ഫീല്‍ഡ് ഹൈറ്റ്‌സില്‍ കുറ്റകരമാണ്. ഓഹിയോയിലെ കയഹോഗാ കൗണ്ടി ജയിലില്‍ പത്തുദിവസം കഴിയുകയെന്നതാണ് നാന്‍സിക്ക് ലഭിച്ച ശിക്ഷ. രണ്ട് വര്‍ഷം മുമ്പാണ് നാന്‍സി പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കിത്തുടങ്ങുന്നത്. ആദ്യവര്‍ഷം തന്നെ പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കുന്നത് നിര്‍ത്തണമെന്ന നിര്‍ദേശം അധികൃതര്‍ നല്‍കിയിരുന്നു. ഇത്തരത്തില്‍ നാല് മുന്നറിയിപ്പുകള്‍ നാന്‍സിക്ക് ലഭിച്ചിട്ടുണ്ട്.
തന്റെ അയല്‍ക്കാരന്‍ താമസം മാറിയപ്പോള്‍ പൂച്ചകളെ ഒപ്പം കൂട്ടാതെയാണ് പോയതെന്നും തുടര്‍ന്നാണ് പൂച്ചകള്‍ക്ക് സംരക്ഷണം നല്‍കിത്തുടങ്ങിയതെന്നും നാന്‍സി പറയുന്നു. നാന്‍സി പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കുന്നത് കണ്ട മറ്റ് അയല്‍ക്കാര്‍ പരാതിപ്പെടുകയും അനിമല്‍ വാര്‍ഡനെ അറിയിക്കുകയുമായിരുന്നു.