ഇനിമുതൽ കോടതിയിൽ സമർപ്പിക്കുന്ന എഫ്ഐആർ, എഫ്ഐഎസ് റിപ്പോർട്ടുകൾ പ്രിന്റഡ് രൂപത്തിലാവണമെന്ന് കേരള ഹൈക്കോടതി

kerala hc order; fir,fis report should be in printed form

എറണാകുളം: ഇനിമുതൽ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന പ്രഥമ വിവര റിപ്പോർട്ട്( FIR), പ്രഥമ വിവര സ്റ്റേറ്റ്മെൻറ് (FIS)  എന്നിവയ്യുടെ പകർപ്പുകൾ വ്യക്തതയോടെ ടൈപ്പ് ചെയ്ത് പ്രിന്റഡ് രൂപത്തിൽ ആയിരിക്കണം കോടതി മുമ്പാകെ സമർപ്പിക്കേണ്ടത് എന്ന് കേരള ഹൈക്കോടതി  വിധി.

നിലവിൽ പോലീസ് സ്റ്റേഷനുകളിലെ റൈറ്റർമാരാണ് പ്രതിയുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തുന്നത്.  ശേഷം മൊഴി നൽകിയവരെ അത് വായിച്ച് ബോധ്യപ്പെടുത്തി ഒപ്പു വാങ്ങുന്ന സമ്പ്രദായം ആണ് നിലവിലുള്ളത്. എന്നാൽ ഇതിൽ മാറ്റം കൊണ്ടു വരേണ്ടത് അനിവാര്യമാണ് എന്നാണ് കേരള ഹൈക്കോടതിയുടെ നിരീക്ഷണം.

പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന എഫ്ഐആറുകളും, എഫ്ഐഎസുകളും പകർപ്പുകളായി ടൈപ്പ് ചെയ്ത് പ്രിന്റ് രൂപത്തിൽ കോടതികൾക്കും, പ്രോസികൂട്ടർമാർക്കും കൈമാറാണമെന്നും ഇതിനായി സംസ്ഥാന പോലീസ് മേധാവി അടിയന്തര ഉത്തരവിറക്കണമെന്നും കോടതി വിധിച്ചു. എഫ്ഐഎസുകളുടെ അസ്സൽ കയ്യെഴുത്തായി തുടരാമെന്നും പകർപ്പുകൾ CD യിലേക്ക് പകർത്തി കോപ്പികളായി സൂക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നു. മുൻകൂർ ജാമ്യാപേക്ഷയും റെഗുലർ ജാമ്യാപേക്ഷയുടെയും റിമാൻഡ് റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള റിപ്പോർട്ടുകളുടെ പകർപ്പുകൾ ഇനിമുതൽ വ്യക്തമായ അക്ഷരത്തിൽ ടൈപ്പ് ചെയ്ത് നൽകാനാണ് ഉത്തരവ്. അപേക്ഷകൾ, റിപ്പോർട്ടുകൾ, മൊഴികൾ തുടങ്ങിയവയെല്ലാം അവ്യക്തമായ അക്ഷരത്തിൽ എഴുതി സമർപ്പിക്കുന്നത് വഴി ഉണ്ടാകുന്ന സങ്കീർണതകൾ ഒഴിവാക്കാനും നിയമ സംബന്ധിയായ എല്ലാ പ്രവർത്തനങ്ങളും സുതാര്യം ആക്കുന്നതിനും വേണ്ടിയാണ് ഈ വിധി ലക്ഷ്യമിടുന്നത്.

ടൈപ്പ് ചെയ്ത പ്രിന്റഡ് പകർപ്പുകളോടൊപ്പം കയ്യെഴുത്ത് എഫ്ഐആറുകളും, എഫ്ഐഎസ്സുകളും പ്രത്യേകം സ്റ്റേഷനുകളിൽ സൂക്ഷിക്കണമെന്നും ടൈപ്പ് ചെയ്തവ CD യിലേക്ക് മാറ്റി സൂക്ഷിക്കണമെന്നും ആവശ്യപ്പെടുമ്പോൾ കോടതികൾക്കും പ്രോസിക്കൂട്ടർക്കും നൽകണമെന്നും കോടതി വ്യക്തമാക്കി. കയ്യെഴുത്ത് റിപ്പോർട്ടുകൾ വ്യക്തമായി വായിക്കാൻ സാധിക്കാതെ വരുന്നതും കോടതിയുടെ സമയം നഷ്ടമാകുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചാണ് ഉത്തരവ്. കൂടാതെ 24 മണിക്കൂറിനുള്ളിൽ എഫ്ഐആർ പകർപ്പുകൾ ഓൺലൈനായി അപ്‍ലോഡ് ചെയ്യണമെന്ന സുപ്രീംകോടതി കർശനമായി പാലിക്കണമെന്നും കോടതി ഉത്തരവിട്ടു.