കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥിയായി ആര് മത്സരിക്കുമെന്ന് ജോസ് കെ. മാണി തീരുമാനിക്കുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. സ്ഥാനാര്‍ഥിയെ സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിക്കുമെന്ന പി.ജെ ജോസഫിന്റെ വാദത്തെ തള്ളിയാണ് റോഷിയുടെ പ്രതികരണം. സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാന്‍ പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചുമതലപ്പെടുത്തിയത് ജോസ് കെ. മാണിയെയാണ്. കെ.എം. മാണിയുടെ സീറ്റിനെ ചൊല്ലി തര്‍ക്കങ്ങള്‍ക്ക് പ്രസക്തിയില്ല. സീറ്റ് ആര്‍ക്കാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സ്ഥാനാര്‍ഥിയെ പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. മാണി കുടുംബത്തില്‍നിന്ന് തന്നെയാണോ സ്ഥാനാര്‍ഥി എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ സീറ്റില്‍ യുഡിഎഫിനുവേണ്ടി മത്സരിക്കുന്നത് കേരള കോണ്‍ഗ്രസ്-എമ്മായിരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പറഞ്ഞു. പാലാ സീറ്റില്‍ 54 വര്‍ഷമായി കേരളാ കോണ്‍ഗ്രസ്-എം ആണ് മത്സരിക്കുന്നത്. ഈ കീഴ്വഴക്കംമാറ്റേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.