മോഹനന്‍ വൈദ്യരുടെ സ്ഥാപനം അടച്ചു പൂട്ടണമെന്ന ആവശ്യവുമായി ഡിവൈഎഫ്‌ഐ ആലപ്പുഴ ഡിസി പ്രതിഷേധിച്ചു

തൃശ്ശൂരില്‍ ഒന്നര വയസ്സുകാരി മോഹനന്‍ വൈദ്യന്റെ ചികിത്സയിലിരിക്കെ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ഡിവൈഎഫ്‌ഐ പ്രതിഷേധം ഏറ്റെടുത്തത
മോഹനൻ വൈദ്യനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

ആലപ്പുഴ: കായംകുളം കൃഷ്ണപുരം പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന വ്യാജ ചികിത്സ നടത്തി വരുന്ന മോഹനന്‍ വൈദ്യന്റെ തട്ടിപ്പ് സ്ഥാപനം അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ആലപ്പുഴ ഡിസിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

തൃശ്ശൂരില്‍ ഒന്നര വയസ്സുകാരി മോഹനന്‍ വൈദ്യന്റെ ചികിത്സയിലിരിക്കെ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ഡിവൈഎഫ്‌ഐ പ്രതിഷേധം ഏറ്റെടുത്തത്. നിലവില്‍ പാരമ്പര്യ വൈദ്യനെന്ന അവകാശ വാദവുമായി നാളുകളായി യാതൊരു ലൈസന്‍സുമില്ലാതെ പ്രവര്‍ത്തിച്ചു വരുന്ന മോഹനന്‍ വൈദ്യന്റെ സ്ഥാപനം അടച്ചു പൂട്ടണമെന്നും ഇയാളുടെ ആളെക്കൊല്ലി വ്യജ ചികിത്സ അവസാനിപ്പിക്കണമെന്നും ഇയാളെ അറസ്റ്റു ചെയ്യണമെന്നുമാണ് ഡിവൈഎഫ്‌ഐയുടെ ആവശ്യം.

നിലവില്‍ ഇതിന്മേല്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും അടുത്ത ഘട്ടമെന്നോളം പോലീസിനും ആരോഗ്യ വകുപ്പിനുമുള്‍പ്പടെ പരാതി നല്‍കാനാണ് ഡിവൈഎഫ്‌ഐയുടെ തീരുമാനമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ട് ജെയിംസ് സാമുവല്‍ ഫാക്ട് ഇന്‍ക്വസ്റ്റിനോട് പറഞ്ഞു. പഞ്ചായത്ത് നടപടി ആവശ്യപ്പെട്ടിട്ടും പോലീസ് നടപടി എടുക്കുന്നില്ലെന്നും ചിലര്‍ ഇവരെ സംരക്ഷിക്കുന്നുവെന്നുമുള്ള ആക്ഷേപം ഡിവൈഎഫ്‌ഐക്കുണ്ടെന്നും ജെയിംസ് സാമുവല്‍ കൂട്ടിച്ചേര്‍ത്തു. നിയമ നടപടികളിലേക്ക് നീങ്ങുമ്പോള്‍ തങ്ങളോടൊപ്പം യോജിക്കുന്ന എല്ലാവരുമായി ഡിവൈഎഫ്‌ഐ ഒന്നിച്ചു നില്‍ക്കും.

മോഹനന്‍ വൈദ്യരെ അനുകൂലിച്ച് പലരും എത്തിയെങ്കിലും നിയമത്തിനെതിരെ പ്രവര്‍ത്തിച്ചു വരുന്ന നടപടിയെ എതിര്‍ത്തു കൊണ്ട് മുന്നോട്ടു പോവാനാണ് തീരുമാനം. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ചികിത്സ നടത്തുന്ന മോഹനന്‍ വൈദ്യരുടെ വ്യാജ ചികിത്സക്കെതിരെ പരമാവധി പ്രചാരണം നടത്തുകയാണ് ഡിവൈഎഫ്‌ഐ ആലപ്പുഴ ഡിസി.

നിലവില്‍ ഒന്നര വയസ്സായ കുട്ടി മരണപ്പെട്ട സാഹചര്യത്തില്‍ വ്യാജചികിത്സ നടത്തിയ മോഹനന്‍ വൈദ്യര്‍ക്കെതിരെയും ഇത്തരം വ്യാജചികിത്സക്കു വിധേയരാക്കുന്ന മാതാപിതാക്കള്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇതേ സംഭവത്തിലും മലപ്പുറം സ്വദേശി മോഹനന്‍ വൈദ്യരുടെ ചികിത്സയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത സാഹചര്യത്തിലും അടിയന്തിര ഇടപെല്‍ വേണമെന്ന് ആവശ്യപ്പെട്ട് അഡ്വകേറ്റ് ശ്രീജിത്ത് പെരുമനയും സംസ്ഥാന പോലീസ് മേധാവിക്ക് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ ഇതേ സംഭവത്തില്‍ ഡോക്ടര്‍ രാഹുല്‍ യുആര്‍ പൊതുതാല്‍പര്യ ഹര്‍ജിയും നല്‍കിയിട്ടുണ്ട്.