മുന്‍ കേന്ദ്രമന്ത്രിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ കാണാതായി

swamy chinmayanand sexual harassment

ഉത്തര്‍പ്രദേശ്: ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ കോളേജ് ഹോസ്റ്റലില്‍ നിന്ന് കാണാതായി. സ്വാമി സുഖ ദേവാനന്ദ് ലോ കോളേജിലെ വിദ്യാര്‍ഥിനിയെയാണ് കാണാതായത്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. താന്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതായും പുറംലോകം അറിഞ്ഞാല്‍ തന്നെയും തന്റെ കുടുംബത്തേയും ഇല്ലായ്മ ചെയ്യുമെന്ന് സ്വാമി ചിന്മയാനന്ദ ഭീക്ഷണിപ്പെടുത്തിയെന്നും അദ്ദേഹത്തിനെതിരായ തെളിവുകള്‍ തന്റെ കൈയ്യിലുണ്ടെന്നും പറഞ്ഞ് കഴിഞ്ഞ ദിവസം ഒരു വീഡിയോ വിദ്യാര്‍ഥിനി പുറത്തുവിട്ടിരുന്നു. ഈ വീഡിയോ പുറത്തു വന്നതിനു ശേഷമാണ് വിദ്യാര്‍ത്ഥിനിയെ കാണാതാകുന്നത്. പെണ്‍കുട്ടി പഠിക്കുന്ന കോളേജിന്റെ ഡയറക്ടറാണ് ചിന്‍മയാനന്ദ സ്വാമിജി.

സ്വാമി ചിന്മയാനന്ദയെ പോലെ സന്യാസ സമൂഹത്തിലെ ഒരു അഭിവന്ദ്യ പുരുഷന്‍ മറ്റ് പല സ്ത്രീകളുടേയും എന്നപോലെ തന്റെ ജീവിതവും നശിപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്നായിരുന്നു പെണ്‍കുട്ടി പുറത്ത് വിട്ട വീഡിയോയില്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഈ വിഷയത്തില്‍ ഇടപെടണമെന്നും പെണ്‍കുട്ടി വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. മകളുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞ് കഴിഞ്ഞ ശനിയാഴ്ച പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസിന് പരാതി നല്‍കി. എന്നാല്‍ പെണ്‍കുട്ടിയുടെ വൈറലായ വീഡിയോയെപ്പറ്റി യാതൊരു അറിവുമില്ലെന്നാണ് ഉത്തര്‍പ്രദേശ് പോലീസ് പറയുന്നത്. അതേസമയം ചിന്മയാനന്ദിന്റെ അനുയായികള്‍ എതിര്‍ പരാതിയും സമര്‍പ്പിച്ചിട്ടുണ്ട്. അഞ്ചുകോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് അജ്ഞാത കേന്ദ്രത്തില്‍ നിന്ന് ഫോണ്‍ കോള്‍ വന്നതായാണ് പരാതിയില്‍ പറയുന്നത്.

അടല്‍ ബിഹാരി വാജ്‌പേയ് ഗവണ്‍മെന്റില്‍ കേന്ദ്രമന്ത്രിയായിരുന്ന ചിന്‍മയാനന്ദ ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട്. ഉന്നാവയില്‍ എംഎല്‍എ കുല്‍ദീപ് സെംഗാറും കൂട്ടരും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിന് ശേഷമാണ് ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെതിരെ പുതിയ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.