ദില്ലി: സിപിഎം നേതാവ് മുഹമ്മദ് യൂസഫ് താരിഗാമിയെ കാണാന്‍ സിതാറാം യെച്ചൂരി ഇന്ന് കാശ്മീരിലേക്ക് പോകും. താരിഗാമിയെ കണ്ടശേഷം ആരോഗ്യസ്ഥിതി സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് യെച്ചൂരി പറഞ്ഞു. സുപ്രീം കോടതി അനുമതിയോടെയാണ് യെച്ചൂരി കാശ്മീരിലേക്ക് പോകുന്നത്. താരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു കോടതിയുടെ തീരുമാനം.
താരിഗാമിയെ കാണുക മാത്രമായിരിക്കണം ലക്ഷ്യമെന്നും മറ്റ് പരിപാടികളിലൊന്നിലും പങ്കെടുക്കരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. യെച്ചൂരിക്ക് ആവശ്യമായ സുരക്ഷ ജമ്മുകാശ്മീര്‍ പോലീസ് ഒരുക്കും. ജമ്മു കാശ്മീരിലേക്ക് എത്തുന്ന രാഷ്ട്രീയ നേതാക്കളെയെല്ലാം ശ്രീനഗര്‍ വിമാനത്താവളത്തില്‍ വച്ച് തിരിച്ചയച്ചിരുന്നു. ഇതിനിടെയാണ് താരിഗാമിയെ കാണാന്‍ യെച്ചൂരിക്ക് സുപ്രീംകോടതിയുടെ അനുമതി.