തിരുവനന്തപുരം: കുട്ടികളില്ലാത്ത സാധാരണക്കാരായ ദമ്പതിമാര്‍ക്ക് കുറഞ്ഞ ചിലവില്‍ ഫലപ്രദമായ വന്ധ്യതാ ചികിത്സ ലഭ്യമാക്കുന്നതിന് കേരള സര്‍ക്കാര്‍ ഹോമിയോപതി വകുപ്പ് ആരംഭിച്ച ജനനി പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് ആരോഗ്യമന്ത്രി കെകെ ഷൈലജ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിനു നേരെ വിമര്‍ശന പ്രവാഹം.
തട്ടിപ്പ് ചികിത്സ സര്‍ക്കാര്‍ വഴി എന്ന രീതിയിലാണ് ആളുകള്‍ ഇതിനെ വിമര്‍ശിച്ചിരിക്കുന്നത്. ഹോമിയോപ്പതി ചികിത്സ ഒരു കപട ശാസ്ത്രമെന്നിരിക്കെ ഹോമിയോപ്പതിയെ അനുകൂലിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയാണ് വിമര്‍ശനങ്ങള്‍. സർക്കാർ ഹോമിയോപ്പതി ചികിത്സയെക്കുറിച്ച് വ്യക്തമായ പഠനങ്ങൾ നടത്താതെയാണ് ഇത്തരത്തിൽ ഹോമിയോപ്പതിയെ അനുകൂലിച്ചു കൊണ്ടിരിക്കുന്നത്. ലോകത്താകമാനം നടത്തിയ പഠനങ്ങളിൽ ഹോമിയോ ഒരു കപട ചികിത്സയെന്ന് തെളിയിക്കപ്പെട്ടിട്ടും ഇതൊന്നും കണക്കിലെയുക്കാതെയാണ് കേരള സർക്കാർ ഇത്തരം പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്.
‘കുട്ടികളില്ലാതെ വിഷമിക്കുന്ന സാധാരണക്കാരായ ദമ്പതിമാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഫലപ്രദമായ വന്ധ്യതാ ചികിത്സ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കേരള സര്‍ക്കാര്‍ ഹോമിയോപതി വകുപ്പ് ആരംഭിച്ച പദ്ധതി പദ്ധതിയാണ് ജനനി.
കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ആരംഭിച്ച ഹോമിയോപ്പതി വന്ധ്യതാ ചികിത്സാകേന്ദ്രങ്ങള്‍ വലിയ വിജയമായി തീര്‍ന്നതിനെ തുടര്‍ന്ന് ഈ പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എല്ലാ ജില്ലകളിലും ഹോമിയോപ്പതി വകുപ്പ് തന്നെ സീതാലയം പദ്ധതിയുടെ അനുബന്ധ ക്ലിനിക്ക് എന്ന നിലയില്‍ വന്ധ്യതാനിവാരണ ക്ലിനിക്കുകള്‍ ആരംഭിക്കുകയുണ്ടായി. വര്‍ധിച്ചുവരുന്ന പൊതു ആവശ്യം കണക്കിലെടുത്ത് 2019 വര്‍ഷത്തില്‍ എല്ലാ ജില്ലകളിലും ഇത് തുടങ്ങാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ ഹോമിയോ ആശുപത്രിയില്‍ ജനനി ക്ലിനിക്ക് ആരംഭിക്കുകയാണ്.
സ്ത്രീ വന്ധ്യതയ്ക്ക് പുരുഷ വന്ധ്യതയ്ക്കും ജനനി പദ്ധതിയില്‍ ചികിത്സ ലഭ്യമാണ്. ഹോമിയോപ്പതി ചികിത്സയോടൊപ്പം ആധുനിക ലാബ് പരിശോധന സൗകര്യങ്ങളും അള്‍ട്രാസൗണ്ട് സ്‌കാനിങ് സംവിധാനവും ഇവിടെ ലഭ്യമാണ്. ആഴ്ചയില്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ ജനനി ഒ.പി. ഇവിടെ പ്രവര്‍ത്തിക്കും.’ എന്നാണ് ആരോമമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.
കുട്ടികളില്ലാതെ വിഷമിക്കുന്ന സാധാരണക്കാരായ ദമ്പതിമാർക്ക് കുറഞ്ഞ ചെലവിൽ ഫലപ്രദമായ വന്ധ്യതാ ചികിത്സ ലഭ്യമാക്കുക എന്ന…
Posted by K K Shailaja Teacher on Tuesday, 3 September 2019
എന്നാല്‍ കണ്ണൂര്‍ കോഴിക്കോട് തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടത്തിയ ഹോമിയോ വന്ധ്യതാ ചികിത്സ ഫലവത്തായെങ്കില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് അതിന്റെ കണക്കുകളും പഠനവും പ്രസിദ്ധീകരിക്കാന്‍ അപേക്ഷിക്കുന്നു. ഹോമിയോ ചികിത്സയ്ക്ക് യാതൊരു ഫലവുമില്ല എന്നാണ് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നത്. അതിനു വിരുദ്ധമായ എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ അത് എല്ലാവര്‍ക്കും ഉപകാരപ്പെടുമല്ലൊ എന്നാണ് ഡോ. അരുണ്‍ മംഗലത്ത് പറയുന്നത്. ഇതിനെ അനുകൂലിച്ചുകൊണ്ട് നിരവധി പേര്‍ സംസാരിക്കുന്നുണ്ട്.
പല വിദേശരാജ്യങ്ങളിലും തെളിവില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സിലടക്കം ഹോമിയോപ്പതി ചികില്‍സ നീക്കം ചെയ്യുന്ന സാഹചര്യമുണ്ട്. ഈ സന്ദര്‍ഭത്തില്‍ പ്രബുദ്ധമായതെന്ന് സ്വയം അവകാശപ്പെടുന്ന കേരളത്തിലെ പുരോഗമന മന്ത്രിസഭ വന്ധ്യതാ ചികില്‍സയ്ക്ക് ഹോമിയോ ഉപയോഗിക്കാം എന്ന് തെളിയിക്കുന്ന ‘ പഠനങ്ങള്‍ ‘ കണ്ടെത്തിയെങ്കില്‍ അതേതാണെന്ന് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട് എന്ന് ഇൻഫോ ക്ലിനിക് അഡ്മിൻ ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് പറയുന്നു.
ഹോമിയോപ്പതി സ്യൂഡോസയന്‍സിന് വളം വച്ച് കൊടുക്കുന്ന സര്‍ക്കാര്‍ പരിപാടി തന്നെ, അത് കാണാനും ഉണ്ട്. ആ മോഹനനൊക്കെ ഇപ്പോഴും പുറംലോകം കണ്ട് ഓരോരുത്തരെ കൊല്ലുന്നതും ഇതുപോലുള്ള പ്രോത്സാഹനം കൊണ്ടുതന്നെ ആവും. യാതൊരു ശാസ്ത്രീയഅടിത്തറയുമില്ലാത്ത ആരോഗ്യചികിത്സാശാഖകളെ പ്രോത്സാഹിപ്പിക്കുന്നത് നല്ലതാവില്ല. കേരളം നേടിയെടുത്ത ആരോഗ്യനേട്ടങ്ങളില്‍ ഒന്ന് പോലും ഇത്തരം സ്യൂഡോചികിത്സാരീതികള്‍ കൊണ്ട് നേടിയതല്ലെന്ന ബോധ്യം മന്ത്രിക്ക് ഉണ്ടായിരിക്കണം എന്ന് അപേക്ഷ. എന്ന് അര്‍ജുന്‍ മനു അഭിപ്രായപ്പെടുന്നു.
കുറച്ചു കാര്യങ്ങള്‍ പറയാന്‍ വിട്ടുപോയി. മോഹനവൈദ്യം , ലാടവൈദ്യം, ഉരുളികമിഴ്ത്തല്‍ കൂടാതെ കൃപാസനം പത്രം കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം എന്ന് ജയ് കൃഷ്ണന്‍ പറയുന്നു.
ഹോമിയോയുടെ കൂടെ തകിട് മന്ത്രിക്കല്‍ , ഊതിയ വെള്ളം , ജ്യോതിഷം എന്നീ അത്യന്താആധുനികമായ ശാസ്ത്രങ്ങള്‍ കൂടി പരിഗണിക്കണം ടീച്ചറെ എന്നും അദ്ദേഹം പറയുന്നു.
എന്റെ ടീച്ചറേ, ഹോമിയോപ്പതി ശാസ്ത്രീയമായ ഒരു ചികിത്സാരീതി അല്ല. അതിനു പ്ലസീബോ യില്‍ കവിഞ്ഞ് ഒരു പ്രഭാവവും മനുഷ്യ ശരീരത്തില്‍ ചെലുത്താന്‍ സാധിക്കുകയില്ല. മോഡേണ്‍ മെഡിസിന്‍ മാത്രമാണ് വിശ്വസനീയമായ ചികിത്സാരീതി. മണ്ണ് ചികിത്സയും ഹോമിയോപ്പതിയും ഒരമ്മ പെറ്റ മക്കള്‍ ആണ്. എന്നാണ് മറ്റൊരു വിമര്‍ശനം.
വെറുതെ ആ പൈസ കളഞ്ഞു! പഞ്ചാര മുട്ടായി വാങ്ങി കഴിക്കുന്ന ഫലം കിട്ടും ഹോമിയോ വന്ധ്യതാ ചികിത്സക്ക്! എന്ന് ഫ്രാന്‍സിസ് ജോയ് എഴുതുന്നു.
ഹോമിയോ എന്ന് വെറുതെ ഒന്ന് ഗൂഗിള്‍ ചെയ്താല്‍ ശൈലജാ ടീച്ചര്‍ കു എന്താ ഉത്തരം എന്ന് പിടികിട്ടും, നല്ല ക്ലിയര്‍ ആയി പറയുന്നുണ്ട് സ്യുഡോ സയന്‍സ് എന്ന്… എന്നിട്ടും കേരളത്തില്‍ ആര്ക്കും തലയില്‍ വെളിച്ചം വന്നിട്ടില്ല. എന്ന് സഞ്ജു വർഗ്ഗീസ് അഭിപ്രായപ്പെടുന്നു.
അതേസമയം ഹോമിയോപതിയെ അനകൂലിച്ചു കൊണ്ടും പ്രതികരിക്കുന്നവരെ വിമര്‍ശിച്ചും ആളുകള്‍ മുന്നോട്ടു വന്നിട്ടുണ്ട്.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ജര്‍മ്മന്‍ ഭിഷഗ്വരനായ സാമുവല്‍ ഹാനിമാന്‍ രൂപകല്‍പ്പന നല്‍കിയ ഹോമിയോപ്പതി യഥാര്‍ത്ഥത്തില്‍ ഒരു കപട ചികിത്സയാണ്. ഡീവശക്തിയുടെ അസന്തുലിതാവസ്ഥയെന്ന് വാദിക്കുന്ന ഹോമിയോപ്പതിയിലെ മരുന്നുകള്‍ നേര്‍പ്പിക്കുന്തോറും വിര്യം കൂടുന്നു എന്നാണ് പറഞ്ഞു വക്കുന്നത്. എന്നാല്‍ ഇത് ശാസ്ത്രത്തിനെതിരാണ്. സ്വാഭാവിക വിടുതല്‍, പത്ഥ്യം കാക്കുന്നതിലൂടെയുള്ള രോഗശമനം, പ്ലാസിബോ പ്രതിഭാസം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് ഹോമിയോ രോഗം മാറ്റുന്നു എന്ന ധാരണയുണ്ടാക്കുന്നതെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
Content Highlight: People comment against minister KK Shailaja teacher’s Facebook post on the new set up in homeopathy for infertility treatment in Kerala.