ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്കുന്ന 370-ാം അനുച്ഛേദം എല്ലാക്കാലത്തും നിലനില്‍ക്കേണ്ടതില്ലെന്ന് ശശി തരൂര്‍. മറ്റ് മതസ്ഥരുടെ ആരാധനക്ക് മുടക്കം വരാത്ത രീതിയില്‍ അയോധ്യയില്‍ രാമക്ഷേത്രം ആവാമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.
370-ാം അനുച്ഛേദം എല്ലാ കാലത്തും നിലനിര്‍ത്തണമെന്ന് ഉദ്ദേശിച്ചുകൊണ്ടുളളതായിരുന്നില്ല എന്നും എത്ര കാലം നിലനിര്‍ത്തേണ്ടത് ആവശ്യമാണോ അത്രയും കാലം അത് നിലനിന്നാല്‍ മതി എന്നതായിരുന്നു നെഹ്റുവിന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. മോദി അനുകൂല പ്രസ്താവനകളുടെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്ന ശശി തരൂരിന്റെ പുതിയ പ്രസ്താവന കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ലക്ഷ കണക്കിന് ആളുകളുടെ വിശ്വാസങ്ങള്‍ മാനിക്കപ്പെടേണ്ടതാണെന്നും അയോധ്യയുടെ ചരിത്രം പരിശോധിച്ചാല്‍ അവിടെ ക്ഷേത്രം ഉണ്ടായിരുന്നു എന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സമുദായങ്ങളുടെ ആരാധന സ്ഥലങ്ങള്‍ നശിപ്പിക്കാതെ അവിടെ ഒരു ക്ഷേത്രം ആവശ്യമാണെന്നും തരൂര്‍ പറഞ്ഞു.