മുത്തൂറ്റ് സമരം; ജോലിക്കെത്തുന്ന തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

സമരക്കാര്‍ തങ്ങളെ തടയുകയാണ് എന്നാരോപിച്ച് മറ്റ് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.
മുത്തൂറ്റ് സമരം; ജോലിക്കെത്തുന്ന തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളി സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി. ജോലിക്കെത്തുന്ന തൊഴിലാളികള്‍ക്ക് സമരത്തില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ജോലിക്കെത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് സര്‍ക്കാരിനും പൊലീസിനും കോടതി നിര്‍ദേശം നല്‍കി. ജോലിക്കെത്തുന്നവരെ തടയാന്‍ സമരക്കാര്‍ക്ക് അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു. സമരക്കാര്‍ തങ്ങളെ തടയുകയാണ് എന്നാരോപിച്ച് മറ്റ് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

ഹെഡ് ഓഫീസും റീജനല്‍ ഓഫീസും അടക്കമുള്ള പത്ത് ഓഫീസുകള്‍ക്കാണ് വിധി ബാധകം. സമരം ചെയ്യാനുള്ള അവകാശം പോലെ ജോലി ചെയ്യാനുള്ള തങ്ങളുടെ അവകാശത്തേയും മാനിക്കണം എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. മുത്തൂറ്റിന്റെ പതിനഞ്ച് ശാഖകള്‍ പൂട്ടുമെന്ന് കഴിഞ്ഞദിവസം പത്രപ്പരസ്യത്തിലൂടെ അറിയിച്ചിരുന്നു. ഈ ശാഖകളില്‍ നിന്ന് ലോണ്‍ എടുത്തവര്‍ മൂന്ന് മാസത്തിനുള്ളില്‍ പണം അടച്ച് സ്വര്‍ണം തിരിച്ചെടുക്കണം എന്നും പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമചോദിക്കുന്നതായും പരസ്യത്തില്‍ പറയുന്നുണ്ട്.

സിഐടിയുവിന്റെ നേതൃത്വത്തിലാണ് മുത്തൂറ്റ് ഫിനാന്‍സില്‍ തൊഴിലാളി സമരം നടക്കുന്നത്. ജീവനക്കാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുക, തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ നല്‍കുക, ശമ്പള വര്‍ധനവ്, യൂണിയനുമായുള്ള കരാര്‍ വ്യവസ്ഥകള്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പ്രശ്നം പരിഹാരത്തിനായി തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ ഇന്നലെ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുത്തൂറ്റ് വിട്ടുനില്‍ക്കുകയായിരുന്നു.