ഷോർട്ട് കുർത്തി ധരിച്ചെത്തിയാൽ കോളേജിന് പുറത്ത്

ഹൈദരാബാദ് സെൻ്റ് ഫ്രാൻസിസ് കോളേജ് ഫോർ വുമൺ.
ഷോർട്ട് കുർത്തി ധരിച്ചെത്തിയാൽ കോളേജിന് പുറത്ത്

ഇറക്കം കുറഞ്ഞ കുർത്തകൾ ധരിച്ചെത്തിയ വിദ്യാർഥിനികളെ കോളേജിൽ കയറ്റാതെ തിരിച്ചയച്ച് ഹൈദരാബാദ് സെൻ്റ് ഫ്രാൻസിസ് കോളേജ് ഫോർ വുമൺ. വസ്ത്ര ധാരണ രീതിയിൽ കർശന നിർദേശങ്ങൾ ഏർപ്പെടുത്തിയതിൻ്റെ ഭാഗമായി ലേഡി സെക്യൂരിറ്റി ഗാർഡുകളുട പരിശോധയ്ക് ശേഷം മാത്രമാണ്  വിദ്യാർഥിനികൾക്ക് കോളേജിലേക്ക് പ്രവേശിക്കാൻ സാധിച്ചത്. 

നേരത്തെ പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതി സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശങ്ങളുമായി പ്രത്യേക നിയമം രൂപീകരിച്ചിരുന്നു. മുട്ടിന് താഴെ ഇറക്കമില്ലാത്ത കുര്‍ത്തികള്‍, ചെറിയ സ്ലീവ് ഉള്ള വസ്ത്രങ്ങള്‍, സ്ലീവ്‍ലെസുകള്‍ എന്നിവയ്ക്കാണ് ക്യാമ്പസിനുള്ളില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിലാക്കുകയും ചെയ്തിരുന്നു. 

എന്നാൽ അവ പാലിക്കാത്തതിൻ്റെ പേരിലാണ് വെള്ളിയാഴ്ച ഷോർട്ട് കുർത്തകൾ ധരിച്ചെത്തിയവരെ പുറത്താക്കിയത്. മുട്ടിന് ഒരിഞ്ച് മുകളിലുള്ള കുര്‍ത്തികള്‍ ധരിച്ചതിനാണ് സെക്യൂരിറ്റി ഗാർഡുകൾ തങ്ങളെ അപമാനിച്ചതെന്നും ക്ലാസ്സ് അറ്റൻഡ് ചെയ്യാൻ അനുവദിക്കാതെ പുറത്ത് നിർത്തുകയും ചെയ്തതെന്ന് വിദ്യാർഥിനികൾ പറയുന്നു.

കോളേജിലെ ലേഡി സെക്യൂരിറ്റി ഗാർഡുകൾ ചേര്‍ന്ന് പെണ്‍കുട്ടികളെ വസ്ത്രത്തിന്‍റെ പേരില്‍ തരംതിരിച്ച് നിര്‍ത്തുകയും ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയവരെ കോളേജിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന വീഡിയോ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി സനോബിയ തുമ്പി ഫേസ്ബുക്ക് വഴി പങ്കുവെച്ചിരുന്നു.