തെലങ്കാനയിൽ രണ്ടാം ദിവസവും കൊവിഡ് സ്ഥിരീകരിച്ചത് രണ്ടായിരത്തിലധികം ആളുകൾക്ക്

corona virus spread in telengana

തെലങ്കാനയിൽ രണ്ടാം ദിവസവും രണ്ടായിരത്തിലധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ദിവസവും ഇരുപത്തി രണ്ടര ശതമാനം ആളുകൾക്കാണ് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതുവരെ 12349 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ ശേഖരിച്ച സാമ്പിളുകളുടെ പരിശോധന പൂർത്തിയാക്കുന്നതിന്റെ ഭാഗമായി കൊവിഡ് പരിശോധന താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.

രോഗവ്യാപന തോത് ഉയരുമ്പോഴും അതിനനുസരിച്ച് സംസ്ഥാനത്ത് വേണ്ടത്ര പരിശോധനകൾ നടക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ 6322 ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗവും തലസ്ഥാനമായ ഹൈദരാബാദിൽ നിന്നുമുള്ളവരാണ്. ഒരാഴ്ചക്കിടെ രോഗം ബാധിച്ച് 42 പേരാണ് മരണപെട്ടത്. ഹൈദരാബാദിലെ മാർക്കറ്റുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.

രോഗ വ്യാപന തോത് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തെലങ്കാനയിൽ പരിശോധനകളുടെ എണ്ണം വളരെ കുറവാണ്. വരും ദിവസങ്ങളിൽ കൂടുതൽ ലാബുകൾ സജ്ജമാക്കി പരിശോധനകൾ ഊർജ്ജിതമാക്കാനാണ് തീരുമാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ പ്രത്യേക സംഘം ഇന്ന് മുതൽ തെലങ്കാന ഉൾപെടെ രോഗ വ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങൾ സന്ദർശിക്കും. ഇവർ സംസ്ഥാന സർക്കാരുമായി ചർച്ച നടത്തി പുതിയ രോഗ പ്രതിരോധ മാർഗങ്ങൾ തീരുമാനിക്കും.

Content Highlights; corona virus spread in telengana