നിയമ വിദ്യാർഥിനിയുടെ പീഡന കേസിൽ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ചിന്മയാനന്ദയെ അറസ്റ്റ് ചെയ്തേക്കും. ചിന്മയാനന്ദ ഇപ്പോൾ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. പരാതിക്കാരിയായ നിയമ വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ചിന്മയാനന്ദ ചികിത്സ തേടിയിരിക്കുന്നത്. ചിന്മയാനന്ദയുടെ ഉടമസ്ഥതയിലുള്ള ലോ കോളേജിൽ രണ്ടാം വർഷ വിദ്യാർഥിനിയായ പെൺകുട്ടി ചിന്മയാനന്ദക്കെതിരെയുള്ള 43 വീഡിയോ തെളിവുകൾ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. ഇതോടെയാണ് അറസ്റ്റ് ഉണ്ടാകുമെന്ന സൂചനകൾ പുറത്തുവന്നത്.
ചിന്മയാന്ദയുടെ പേര് സൂചിപ്പിക്കാതെ ആദ്യം ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പീഢന സംഭവം പെൺകുട്ടി പുറത്തുവിട്ടത്. ഇതിനെ തുടർന്ന് ആഗസ്റ്റ് 24 മുതൽ പെൺകുട്ടിയെ കാണാതായി. മകളെ തട്ടിക്കൊണ്ട് പോയി എന്ന കുടുബത്തിന്റെ ആരോപണത്തെ തുടർന്ന് അന്വേഷണം ശക്തമാക്കിയ പോലീസ് 6 ദിവസങ്ങൾക്കു ശേഷം പെൺകുട്ടിയെ കണ്ടെത്തി. എന്നാൽ ചിന്മയാനന്ദയെ പേടിച്ചാണ് താൻ ഒളിവിൽ കഴിഞ്ഞത് എന്ന് പെൺകുട്ടി വെളിപ്പെടുത്തി.
സംഭവത്തിൽ കേസെടുത്ത പോലീസ് ചിന്മയാനന്ദിനെ വ്യാഴാഴ്ച രാത്രി ഏഴ് മണിക്കൂറോളം ചോദ്യം ചെയ്യുകയും തുടർന്ന് ദിവ്യ ധാം വസതിയിലെ കിടപ്പുമുറി മുദ്രവെക്കുകയും ചെയ്തു. എന്നാൽ ചിന്മയാനന്ദിൻറെ കിടപ്പുമുറിയിൽ നിന്ന് പ്രധാനപ്പെട്ട തെളിവുകൾ നീക്കം ചെയ്തതായി പെൺക്കുട്ടി ആരോപിച്ചു. പെയിന്റും മറ്റ് കാര്യങ്ങളും മാറ്റി മുറിയുടെ രൂപം മുഴുവാനായി മാറ്റം വരുത്തിയതായും സുപ്രധാന തെളിവുകൾ അവിടെ നിന്ന് നീക്കം ചെയ്തിട്ടുള്ളതായും പീഡനത്തിനിരയായ പെൺകുട്ടി പറഞ്ഞു. എന്നാൽ മസാജ് സമയത്ത് ഉപയോഗിച്ച രണ്ട് ഓയിൽ പാത്രങ്ങൾ അന്വേഷണ സംഘം കണ്ടെത്തി.
എന്നാൽ പെൺകുട്ടിയുടെ പിതാവ് അന്വഷണ സംഘത്തിനെതിരെ രംഗത്തുവന്നു. അന്വേഷണ സംഘത്തിന് മാത്രമായി കെെമാറിയ വീഡിയോ ഫൂട്ടേജുകൾ ചോർന്നതിൽ ഗൂഡാലോചന ഉണ്ടെന്നും അത് വ്യക്തമായി അന്വേഷിക്കാൻ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിടണമെന്നും പെൺകുട്ടിയുടെ അച്ഛൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചിന്മയാനന്ദിനെതിരെ കള്ള കേസെടുത്താൽ ഹിന്ദുക്കളെല്ലാം ഒന്നിക്കുമെന്നും തെരുവുകളിൽ ലഹള നടക്കുമെന്നും ഹിന്ദി ബിഗ് ബോസ് മത്സരാർത്ഥി സ്വാമി ഓംജി വിമർശിച്ചു.
മസാജ് ചെയ്ത് കൊടുക്കുന്നത് ഒരു കുറ്റമല്ലെന്നും ആരും നിർബന്ധിച്ചല്ല മസാജ് ചെയ്പ്പിക്കുന്നതെന്ന് വീഡിയോ ദൃശ്യങ്ങൾ കണ്ടാൽ മനസിലാവുമെന്നും ചിന്മയാനന്ദിൻറെ അഭിഭാഷകൻ ഓം സിംങ്ങ് പറഞ്ഞു. എന്നാൽ ഓം സിംങ്ങിൻറെ ആരോപണത്തിനെതിരെ നിരവധിപേർ രംഗത്തു വന്നു. ഒരു സ്ത്രീ തന്നെ ഒരു വർഷമായി പീഢിപ്പിക്കുകയാണെന്ന് പറഞ്ഞ് തെളിവു സഹിതം മുന്നോട്ട് വന്നിട്ടും അതിനെ വിമർശിക്കുന്ന ഓം സിങ്ങിനെ പോലെയുള്ളവരെ അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി കോളേജ് വിദ്യാർത്ഥിനികൾ പ്രതിഷേധിച്ചു.
.