ചിന്മയാനന്ദ് കേസ്; വിദ്യാര്‍ത്ഥിനി പ്രത്യേക അന്വേഷണ സംഘത്തിനു തെളിവ് കൈമാറി

സംഘത്തിനു തെളിവ് കൈമാറി
ചിന്മയാനന്ദ് കേസ്; വിദ്യാര്‍ത്ഥിനി പ്രത്യേക അന്വേഷണ സംഘത്തിനു തെളിവ് കൈമാറി

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ചിന്മയാനന്ദിനെതിരായ ബലാത്സംഗ കേസില്‍ ഇരയായ വിദ്യാര്‍ഥിനി പ്രത്യേക അന്വേഷണ സംഘത്തിന് തെളിവുകള്‍ കൈമാറി. ശനിയാഴ്ചയാണ് 43 വിഡിയോകളടങ്ങിയ പെന്‍ഡ്രൈവ് പെണ്‍ക്കുട്ടി കൈമാറിയത്. വെള്ളിയാഴ്ച പരാതിക്കാരിയെ ചോദ്യംചെയ്ത അന്വേഷണസംഘം ചിന്മായാനന്ദിന്റെ കിടപ്പുമുറിയില്‍നിന്ന് ഇവരെക്കൂട്ടി കൊണ്ട് തെളിവുകള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ ചിന്മായാനന്ദിന്റെ കിടപ്പുമുറിയിലെ സുപ്രധാന തെളിവുകള്‍ നീക്കിയതായി പരാതിക്കാരി ആരോപിച്ചു.

പെയിന്റടക്കം മാറ്റിയ കിടപ്പുമുറി പുതിയ രൂപത്തിലാണുള്ളത്. എന്നാല്‍, മസാജ് ചെയ്യാന്‍ ഉപയോഗിച്ച രണ്ട് എണ്ണപ്പാത്രങ്ങള്‍ അന്വേഷണസംഘം കണ്ടെടുത്തതായി വിദ്യാര്‍ഥിനി പറഞ്ഞു. നിയമബിരുദത്തിനു പഠിക്കുന്ന മറ്റൊരു പെണ്‍കുട്ടിയോടും ചിന്മായാന്ദ് ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്നും അക്കാര്യം അവര്‍ തന്നോടു പറഞ്ഞിട്ടുണ്ടെന്നും യുവതി എസ്.ഐ.ടി.യെ അറിയിച്ചു.

ബിരുദാനന്തരബിരുദ പഠനത്തിന് കോളേജില്‍ ചേര്‍ന്ന തന്നെ ചിന്മയാനന്ദിന്റെ ആളുകള്‍ അയാളുടെ വീട്ടിലേക്ക് വിളിപ്പിച്ചു. താന്‍ കുളിക്കുന്ന ദൃശ്യം കാട്ടി ഭീഷണിപ്പെടുത്തി ചിന്മയാനന്ദ് ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് എസ്.ഐ.ടി. കേസ് അന്വേഷിക്കുന്നത്. ശനിയാഴ്ച യുവതിയുടെ അമ്മയെ വിളിച്ചുവരുത്തി സംഘം ചോദ്യം ചെയ്തു. വ്യാഴാഴ്ച രാത്രി ചിന്മയാനന്ദിനെ ഏഴു മണിക്കൂര്‍ ചോദ്യംചെയ്ത സംഘം ദിവ്യധാമിലെ വീട്ടിലുള്ള അദ്ദേഹത്തിന്റെ കിടപ്പുമുറി പൂട്ടി മുദ്രവെച്ചു.