തോമസ് കുക്ക് അടച്ചുപൂട്ടി; ലക്ഷക്കണക്കിനു യാത്രക്കാർ കുടുങ്ങി

thomas cook travel agency collapses

ബ്രിട്ടനിലെ ഏറ്റവും പഴക്കമുള്ള ട്രാവൽ ഏജൻസിയായ തോമസ് കുക്ക് അടച്ചുപൂട്ടി. 178 വർഷം പഴക്കമുള്ള കമ്പനി കുറച്ചുനാളായി കടബാധ്യതയിലായിരുന്നു.വിവിധ രാജ്യങ്ങളിലായി 6 ലക്ഷത്തോളം പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഓൺലൈൻ ബുക്കിങ്ങിൽ മത്സരം ശക്തമായതും ബ്രെക്സിറ്റിലെ അനിശ്ചിതത്വവുമാണ് കമ്പനിക്ക് വിനയായത്.

16 രാജ്യങ്ങളിലായി എല്ലാവർഷവും 19 ദശലക്ഷം യാത്രക്കാർക്കായി എയർലൈനുകൾ, റിസോർട്ടുകൾ, ഹോട്ടലുകൾ എന്നി സേവനങ്ങൾ നൽകുന്ന കമ്പനി 2018 ൽ 12 ബില്യൺ ഡോളർ (9.6 ബില്യൺ പൗണ്ട്) വരുമാനം നേടിയിരുന്നതാണ്. കമ്പനിക്ക് നിലവിൽ 2.1 ബില്യൺ ഡോളർ(1.7 ബില്യൺ പൗണ്ട്) കടമുണ്ട്. കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യാത്രക്കാരെ നാട്ടിലെത്തിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉറപ്പുനൽകി. ബൾഗേറിയ, ക്യൂബ, തുർക്കി, യുഎസ് എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽ നിന്നും പ്രത്യേക വിമാനങ്ങൾ ഇവർക്കായി സജ്ജീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ബ്രിട്ടൻ. 

 22,000 പേരാണ് ബ്രിട്ടീഷ് ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തിരുന്നത്. ഇതിൽ തന്നെ ബ്രിട്ടനിൽ മാത്രമായി 9000 പേർ ജോലിചെയ്തിരുന്നു.  ഇന്ത്യയിൽ പ്രവർത്തിക്കുന്ന തോമസ് കുക്ക് എന്ന കമ്പനിക്ക് ബ്രിട്ടീഷ് കമ്പനിയുമായി ബന്ധമില്ലാത്തതിനാൽ തന്നെ ഇന്ത്യയെ ഇത് ബാധിക്കില്ല. 2012 ഓഗസ്റ്റിൽ കാനഡ ആസ്ഥാനമായ ഫെയർഫാക്സ് ഫിനാൻഷ്യൽ ഉടമസ്ഥതയിൽ തോമസ് കുക്ക്-ഇന്ത്യയെ ഏറ്റെടുത്തതാണ്. തോമസ് കുക്ക്-യു.കെ.യുടെ തകർച്ച തങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും ഇന്ത്യൻ കമ്പനിക്ക് തീർത്തും വ്യത്യസ്തമായ നിലനിൽപ്പാണുള്ളതെന്നും തോമസ് കുക്ക്-ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മാധവൻ മേനോൻ പറഞ്ഞു.