മദ്രാസ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് താഹിൽരമാനിക്കെതിരെ സിബിഐ അന്വേഷണ അനുമതി

ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയിയാണ് അന്വേഷണ അനുമതി നൽകിയത്

മദ്രാസ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹിൽരമാനിക്കെതിരെ സിബിഐ അന്വേഷണം നടത്താൻ സുപ്രീം കോടതി അനുമതി. ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയിയാണ് അന്വേഷണ അനുമതി നൽകിയത്.  

താഹിൽരമാനി കോഴപ്പണം ഉപയോഗിച്ച് 3.18 കോടി രൂപയുടെ രണ്ടു ഫ്ലാറ്റുകൾ ചെന്നൈയിൽ വാങ്ങിയെന്ന ഇന്റലിജൻസ് ബ്യൂറോയുടെ  കണ്ടെത്തലിനെ തുടർന്നാണ് നടപടി. തമിഴ്നാട്ടിലെ ഒരു മന്ത്രിക്കെതിരായ കേസിൽ അനുകൂല വിധി പുറപ്പെടുവിക്കുന്നതിനാണ് ജസ്റ്റിസ് പണം വാങ്ങിയതെന്നായിരുന്നു കേസ്.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് നേരത്തെ താഹില്‍ രാജിവെച്ചിരുന്നു. എന്നാൽ രാജിവെച്ച ജസ്റ്റിസിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാമെന്ന് ചീഫ് ജസ്റ്റിസ് സിബിഐക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

അനധികൃതമായി ഫ്‌ളാറ്റുകള്‍ സമ്പാദിച്ചുവെന്നും വിഗ്രഹമോഷണക്കേസില്‍ ഇടപെട്ടുവെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം വിജയ താഹില്‍ലിനെതിരെ നൽകിയിരുന്ന റിപ്പോര്‍ട്ട്. 3.28 കോടി രൂപയില്‍ ഒന്നര കോടി രൂപ ബാങ്ക് ലോണ്‍ ആയിരുന്നുവെന്നും ബാക്കി തുകയുടെ സ്രോതസ്സ് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെന്നും റിപ്പോട്ടുകൾ വ്യക്തമാക്കുന്നു. 

മാത്രമല്ല രമാനിയുടെ പേരില്‍ ആറ് ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നെന്നും ഇതിലെ ഇടപാടുകള്‍ സംബന്ധിച്ച്‌ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

Content Highlights: Supreme Court permits CBI to probe against former Chief Justice of Madras High Court Vijaya Kamlesh Tahilramani.