“I am What I am” നികേഷും സോനുവും സംസാരിക്കുന്നു

2018 സെപ്തംബര്‍ 6 അതായത് ഇന്നേക്ക് കൃത്യം ഒരു വര്‍ഷം മുമ്പ് ഇന്ത്യയുടെ പരമോന്നത നീതി പീഠം ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചു. ലിംഗ വ്യത്യാസങ്ങളില്ലാതെ എതൊരാള്‍ക്കും ഇഷ്ടമുള്ള ഇണയെ കണ്ടെത്താനും പ്രണയിക്കാനുമുള്ള അവകാശം. 150 വര്‍ഷം പഴക്കമുള്ള നിയമങ്ങള്‍ സുപ്രീം കോടതി തിരുത്തി. ലൈംഗീക താല്പര്യങ്ങളുടെ പേരില്‍ മാത്രം കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു വിഭാഗം അങ്ങനെ നിയമത്തിന്റെ മുമ്പിലെങ്കിലും കുറ്റ വിമുക്തരായി. പക്ഷെ സമൂഹത്തിന്റെ കണ്ണില്‍ ഇന്നും അംഗീകരിക്കപ്പെടാത്തവരാണ് ഇവര്‍. നിയമത്തിന്റെ അഭാവമോ നിശബ്ദതയോ മൂലം എതോരു വ്യക്തിക്കും കിട്ടുന്ന സാമൂഹിക അവകാശങ്ങള്‍ അവര്‍ക്ക് ഇന്നും അന്യമാണ്. വിവാഹം, ദത്തെടുക്കല്‍, സ്വത്തവകാശം തുടങ്ങിയ സിവില്‍ വ്യവഹാരങ്ങളില്‍ ലൈംഗീക താല്‍പര്യങ്ങളുടെ പേരില്‍ മാത്രം വിവേചനം അനുഭവിക്കന്നവര്‍. ഇന്ത്യയിലെ പൌരന്മാരിയിട്ടും ഒരു വ്യക്തി നിയമത്തിലും ഉള്‍പ്പെടാത്തവര്‍. ഓരോ നിമിഷവും ഓരോ ഇടങ്ങളിലും അംഗീകാരത്തിനായി ശബ്ദം ഉയര്‍ത്തേണ്ടവര്‍.

അതുവരെ ആരെങ്കിലും സ്വമേധയാ പോലും പ്രകൃതിയുടെ നിയമത്തിന് വിരുദ്ധമായി പുരുഷന്‍, സ്ത്രീ, മൃഗം എന്നിവയില്‍ ആരുമായി ശാരീരികമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ഐ പി സി യിലെ സെക്ഷന്‍ 377 പ്രകാരം ശിക്ഷാര്‍ഹമാണ്. ജീവപര്യന്തം തടവ്, അല്ലെങ്കില്‍ ജീവപര്യന്തം അല്ലങ്കില്‍ പത്ത് വര്‍ഷം വരെയുളള തടവ്, പുറമെ പിഴയും ഈടാക്കുന്നതാണ് ശിക്ഷ. 1861 ലെ പുരാതനമായ ഈ ബ്രിട്ടീഷ് നിയമപ്രകാരം പുരുഷലിംഗ നിവേശിക്കപ്പെടുന്ന ലൈംഗിക ബന്ധങ്ങളില്‍ പ്രകൃതിയുടെ നിയമത്തിന് വിരുദ്ധമെന്ന വ്യാഖാനിക്കുന്ന പ്രവൃത്തികളൊക്കെ കുറ്റകരമാക്കിയിട്ടുണ്ട്.

ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് സെക്ഷന്‍ 377 എന്ന് ചരിത്രപ്രസിദ്ധമായ 2009 ലെ വിധിയില്‍ ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് മത സംഘടനകള്‍ ഈ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. 2013 ല്‍ സുപ്രീം കോടതി ഡല്‍ഹി ഹൈക്കോടതിയുടെ 2009 ലെ വിധി അസാധുവാക്കി. സ്വവര്‍ഗ ലൈംഗികത ക്രിമനല്‍ കുറ്റമല്ലാതാക്കുന്ന വിധി സുപ്രീം കോടതി അസാധുവാക്കുകയും നിയമം റദ്ദാക്കേണ്ടത് പാര്‍ലമെന്റാണെന്ന് വിധിക്കുകയും ചെയ്തു. സുപ്രീം കോടതിയുടെ ഈ വിധി എല്‍ജിബിടിക്യു വിഭാഗങ്ങളില്‍ നിന്നും അതിശക്തമായ വിമര്‍ശനത്തിന് വിധേയമായി. മാത്രമല്ല, മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ തിരിച്ചടിയാണ് സുപ്രീം കോടതിയുടെ തീരുമാനമെന്നും വിലയിരുത്തപ്പെട്ടു.

2018 ജനുവരിയില്‍ സുപ്രീം കോടതി ഒരു വിഭാഗം ജഡ്ജിമാര്‍ അടങ്ങുന്ന സംഘം സെക്ഷന്‍ 377ന്റെ ഭരണഘടനാപരമായ സാധുത പരിശോധിക്കുന്നത് തീരുമാനിച്ചു. 2013ലെ സുപ്രീം കോടതി വിധി വീണ്ടും പരിശോധിച്ചു. തങ്ങളെ പ്രോസിക്യൂട്ട് ചെയ്യുമോ എന്ന ഭയന്ന് ജീവിക്കുന്ന അഞ്ച് പേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിധി പുനഃ പരിശോധിച്ചത്. സ്വന്തം തിരഞ്ഞെടുപ്പുകളുടെ പേരില്‍ ഒരു വിഭാഗം ജനങ്ങള്‍ ഭയത്തിന് അടിപ്പെട്ട് ജീവിക്കുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി.

സുപ്രീം കോടതിയുടെ 2013ലെ വിധി പുനഃപരിശോധന അര്‍ഹിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. ഈ വിഷയത്തില്‍ ഭരണഘടനാപരമായ വിഷയം ഉള്‍പ്പെടുന്നതു കൊണ്ടായിരുന്നു അത്. അതു കൊണ്ട് തന്നെ ഇത് വലിയൊരു ബെഞ്ചിന് വിടുന്നതാണ് ഉചിതമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ബഞ്ച് ഭരണഘടന പ്രകാരം സെക്ഷന്‍ 377 ക്രിമിനല്‍ കുറ്റകരമാണെന്നത് എടുത്തു കളഞ്ഞു. സമൂഹത്തില്‍ ഏതൊരാള്‍ക്കും ഇഷ്ടമുള്ള ഇണയെ കണ്ടെത്താനും ഇഷ്ടമുള്ള ലൈംഗിക പങ്കാളിയെ കണ്ടെത്താനുമുള്ള അവസരമായി അത് മാറി. ഘഏആഠഝക കമ്യൂണിറ്റിയില്‍ വരുന്നവരുടെ വിജയമായി അത് മാറി. എന്നാല്‍ നിലവില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ നിയമപരമല്ല. ലോക്സഭയിലോ രാജ്യസഭയിലോ അതിനു വേണ്ടിയുള്ള നീക്കങ്ങള്‍ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. നിലവില്‍ ഓരോ മതത്തിനും വിവാഹ നിയമങ്ങള്‍ വ്യത്യസ്തമായതിനാല്‍ അതില്‍ എല്ലാത്തിലും മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കുക എഴുപ്പമല്ല. നിയമങ്ങളുടെ അഭാവം മൂലം ഇവര്‍ക്ക് ഒരുമിച്ചു ചേര്‍ന്നുള്ള സാമ്പത്തിക ഇടപാടുകള്‍ രേഖാമൂലം സാധ്യമല്ല. ബാങ്കില്‍ രണ്ടു പേര്‍ക്ക് ജോയിന്റ് അക്കൌണ്ട് തുടങ്ങണമെങ്കില്‍ അവര്‍ക്ക് കുടുംബ ബന്ധമോ ബിസിനസ് ബന്ധമോ ഉണ്ടായിരിക്കണം. എന്നാല്‍ ഗേ-ലെസ്ബിയന്‍ വിവാഹം നിയമപരമാക്കാത്തിടത്തോളം ഇവര്‍ക്ക് ജോയിന്റ് അക്കൌണ്ടിനു സാധ്യത പോലുമില്ല. അതുകൊണ്ടു തന്നെ ഇരവര്‍ക്കും ബാങ്ക് അക്കൌണ്ട് വേറെ വേറെ തന്നെ ആയി തുടരേണ്ടി വരുന്നു. ഗേ-ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ചുള്ള സാമ്പത്തിക ആസൂത്രണം പോലും സാധ്യമല്ല. ഇക്കൂട്ടര്‍ക്ക ഇതുപോലെ പല അവകാശങ്ങളും ഇന്നും നിഷേധിക്കപ്പെടുന്നുണ്ട്.

ലൈംഗീക ബന്ധത്തിനുള്ള സ്വാതന്ത്ര്യം മാത്രമല്ല സ്വവര്‍ഗ അനുരാഗികള്‍ക്ക് വേണ്ടത്. എല്ലാ മനുഷ്യരേയും പോലെ സ്വന്തം
സ്വത്വബോധത്തില്‍ സ്വാഭിമാനത്തോടെ ജീവിക്കാനുള്ള സാമൂഹികമായ എല്ലാ അവകാശങ്ങളും മറ്റ് ഇന്ത്യന്‍ പൌരന്മാരെ പോലെ അവര്‍ക്കും ലഭിക്കണം. ഇത്തരം അവകാശ നിഷേധം തടയാനുള്ള ബാദ്ധ്യത രാശ്ട്രത്തിനും സമൂഹത്തിനും ഉണ്ട്. ലൈംഗിക ആഭിമുഖ്യത്തിന്റെ പേരിലുള്ള നീതി നിഷേധമോ വേര്‍തിരിവോ, വിലക്കോ തടയാനാവശ്യമായ നിയമ നിര്‍മ്മാണം രാശ്ട്രത്തിന്റെ ബാദ്ധ്യതയാണ്. എന്നാല്‍ ഇത്തരം നിയമ നിര്‍മ്മാണത്തിന്റെ ആത്യന്തികമായ ലക്ഷ്യം സാമൂഹിക മാറ്റങ്ങളാണ്. ഓരോ വ്യക്തിയും കുടുംബവും ഇവരെ അംഗീകരിച്ച് തുടങ്ങുമ്പോള്‍ ഒരു നിയമ നിര്‍മ്മാണത്തിന് പോലും കാത്തു നില്‍ക്കേണ്ട ആവശ്യം ഉണ്ടാവില്ല. അതിന് സോനുവിന്റെയും നികേഷന്റെയും കുടുംബങ്ങളെ നമ്മുക്ക് മാതൃകയാക്കാം.

Content Highlight: Kerala’s gay couple Nikesh and Sonu speaking about homosexuality and the legalization of homosexual marriage.