സെർബിയയിലെ ലെസ്ബിയൻ പ്രധാനമന്ത്രിയും ലക്സംബർഗിലെ ഗേ പ്രധാനമന്ത്രിയും ഒന്നിച്ചുള്ള ചിത്രം വൈറലാകുന്നു

സെർബിയയുടെ യൂറോപ്യൻ യൂണിയനിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഒത്തുകൂടിയപ്പോഴാണ് ഈ ചരിത്രപ്രധാനമായ ചിത്രം പിറന്നത്

ലക്സംബർഗ് പ്രധാനമന്ത്രി സേവ്യർ ബെറ്റലും സെർബിയൻ പ്രധാനമന്ത്രി അനാ ബ്രനാബിക്കും തങ്ങളുടെ പങ്കാളികളുമായി ഒരുമിച്ചെടുത്ത ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു.  സെർബിയയുടെ യൂറോപ്യൻ യൂണിയനിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഒത്തുകൂടിയപ്പോഴാണ് ഈ ചരിത്രപ്രധാനമായ ചിത്രം പിറന്നത്.  

അസാധാരണമായി  തോന്നുന്ന ഈ ഫോട്ടോ ചരിത്രത്തിൽ  ആദ്യമാണ് സംഭവിക്കുന്നത്. ലക്സംബർഗിലെ ഗേ പ്രധാനമന്ത്രിയും ഭർത്താവും സെർബിയയിലെ ലെസ്ബിയൻ പ്രധാനമന്ത്രിയും പ്രണയിനിയും തമ്മിലുള്ള കൂടിക്കാഴ്ച. പുരോഗതി പലപ്പോഴും വളരെ മന്ദഗതിയിലാണെന്ന് തോന്നുന്നു. ‘എന്നാൽ ഇത് യഥാർത്ഥത്തിൽ ആഘോഷിക്കേണ്ടതാണ്’ എന്ന കുറിപ്പോടെ മാധ്യമപ്രവർത്തകനായ ബെഞ്ചമിൻ ബട്ടർ‌വർത്താണ് തൻ്റെ ട്വിറ്റർ പേജിലൂടെ ചിത്രം പങ്ക് വച്ചത്.

2013 ലാണ് ലക്സംബർഗിലെ ആദ്യത്തെ (ലോകത്തിൽ മൂന്നാമത്) ഗേ പ്രധാനമന്ത്രിയായി സേവ്യർ ബെറ്റെൽ മാറുന്നത്. സർക്കാർ വിവാഹ സമത്വം അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ 2015 മെയ് മാസത്തിൽ ആർക്കിടെക്റ്റായ ഗൗതിയർ ഡെസ്റ്റെനെയെ അദ്ദേഹം വിവാഹം കഴിച്ചു.

2017 ലാണ് രാഷ്ട്രീയ പ്രവർത്തകയായിരുന്ന അനാ ബ്രനാബിക് സെർബിയൻ  പ്രധാനമന്ത്രിയാകുന്നത്. സെർബിയയി ഔദ്യോഗിക പദവി വഹിക്കുന്ന ആദ്യ വനിതയും  ആദ്യ ലെസ്ബിയൻ വ്യക്തിയാണ് ബ്രനാബിക്. ബ്രനാബികിൻ്റെ പങ്കാളിയായ മിലിക്ക ഡർഡിക് ഈ വർഷം ഒരു ആൺകുട്ടിക്ക് ജന്മം നൽകിയിരുന്നു.