കശ്മീര്‍ ഗന്തര്‍ബലില്‍ വീണ്ടും ഏറ്റുമുട്ടൽ; രണ്ടു തീവ്രവാദികളെ വധിച്ച് സുരക്ഷാസേന

security forces killed two terrorists

ജമ്മു കശ്മീരിലെ ഗന്തര്‍ബലില്‍ ഉണ്ടായ എറ്റുമുട്ടലിൽ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. ഗന്തര്‍ബലില്‍ നിയന്ത്രണരേഖയ്ക്കു സമീപമാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഉയര്‍ന്ന മേഖലയായ ത്രുംഖാലിൽ വച്ച് സുരക്ഷാസേനയും ഭീകരരും തമ്മിൽ വെടിയുതിര്‍പ്പാരംഭിക്കുകയായിരുന്നു. ഇവിടെനിന്ന് ആയുധശേഖരവും കണ്ടെടുത്തിട്ടുണ്ട്. രണ്ടുദിവസം മുമ്പുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടിരുന്നു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ നീക്കം ശക്തിപ്പെടുത്തണമെന്ന്, ജമ്മു കശ്മീരിലെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പോലീസിനോടും അര്‍ധ സൈനിക വിഭാഗങ്ങളോടും നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് ഗന്തര്‍ബലിലും ബതോത്തെയിലും സൈന്യം തീവ്രവാദികളെ വധിച്ചത്. അതിര്‍ത്തി വഴി കൂടുതല്‍ തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനിടയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു അജിത് ദോവല്‍ നിര്‍ദ്ദേശം നല്‍കിയത്.

Content Highlights: Security forces killed two terrorists during a confrontation in Ganderbal in Jammu and Kashmir