വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് അരൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ വിവാദ പരാമർശവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ.
പൂതനമാര്‍ക്ക് ജയിക്കാനുള്ളതല്ല അരൂര്‍. കള്ളം പറഞ്ഞും നുണക്കഥകള്‍ ഇറക്കിയുമാണ് യുഡിഎഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നുമാണ് മന്ത്രിയുടെ ആരോപണം.
മന്ത്രിയുടെ വാക്കുകള്‍ കൊണ്ടുള്ള കടന്നാക്രമണം ചൂണ്ടിക്കാട്ടി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ഇതിനെതിരായി അരൂര്‍ നിയോജക മണ്ഡലം ഉപവരാണാധികാരിക്ക് മുന്നില്‍ സ്ഥാനാര്‍ത്ഥി ഉള്‍പ്പടെയുള്ള യുഡിഎഫ് നേതാക്കള്‍ ഉപവസിക്കുമെന്നുമാണ് വാര്‍ത്ത.
സ്ത്രീത്വത്തെ തന്നെ അപമനാനിക്കുന്ന തരത്തിലാണ് സുധാകരന്റെ പ്രസ്ഥാവന എന്നും ഇത് അതീവ നിന്ദ്യവുമാണെന്നാണ് സംഭവത്തില്‍ ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണം.
ഇപ്പോള്‍ എല്ലാവരും കള്ളം പറയുന്നവരുടെ കൂടെയാണ്. കള്ളം പറഞ്ഞാല്‍ ജയിക്കാം. മുതലക്കണ്ണീര് കണ്ടാല്‍ എല്ലാവരും വീഴും. അങ്ങനെ പൂതനമാര്ക്കൊന്നും ജയിക്കാവനുള്ളതല്ല ഇത്. അങ്ങനെയൊന്നും ജനങ്ങള്‍ ജയിപ്പിക്കില്ല. പ്രവര്‍ത്തനത്തിലൂടെയാണ് കാണിക്കേണ്ടത് എന്നാണ് ജി സുധാകരന് തൈക്കാട്ടുശ്ശേരിയില്‍ വച്ച് നടന്ന കുടുംബസംഗമത്തില്‍ പറയുന്നത്.
കഴിഞ്ഞ തവണ 38,000 വോട്ടുകള്‍ക്ക് തോറ്റപ്പോഴും സിആര്‍ ജയപ്രകാശ് കള്ളം പറഞ്ഞ് വോട്ട് ചോദിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ എറണാകുളത്തു നിന്നും സുഹൃത്തുക്കളെ കൊണ്ടു വന്നാണ് കള്ള പ്രചാരണം നടത്തുന്നത് എന്നുമാണ് മന്ത്രിയുടെ ആക്ഷേപം.
അരൂരില്‍ വികസനമില്ലെന്നു പറയുന്ന ഷാനിമോള്‍ ഉസ്മാന് എങ്ങനെയാണ് വികസനം കൊണ്ടു വരികയെന്നും സുധാകരന് ചോദിക്കുന്നു.
വീണ്ടും അരൂരില്‍ ഒരു ഇടത് എംഎല്‍എ ഉണ്ടാവണമെന്നു പറഞ്ഞ് പ്രചരണം തുടരുന്ന സുധാകന് സ്ത്രീകളെ ഉള്‍പ്പടെ അടച്ചാക്ഷേപിക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പിലാണ് സ്ഥാനാര്‍ത്ഥിയും പാര്‍ട്ടിയും. സ്ത്രീ ശാക്തീകരണത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാര്‍ ചെലവില്‍ വനിതാ മതില് സംഘടിപ്പിച്ച മന്ത്രിസഭയിലെ അംഗമായ ജി സുധാകരന്റെ അരൂരിലെ വനിതാ സ്ഥാനാര്‍ത്ഥിക്ക് എതിരെയുള്ള ‘പൂതന’ പ്രയോഗം സിപിഎമ്മിന്റെ അധമ രാഷ്ട്രീയത്തിന്റെ വികൃതമായ പ്രതിഫലനമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന് പറഞ്ഞത്.
അതേസമയം ഷാനിമോള്‍ തനിക്ക് സ്വന്തം സഹോദരിയെപ്പോലെയാണ്. 30 വര്‍ഷത്തോളമായി അവരെ അറിയാം. തങ്ങള്‍ തമ്മില്‍ യാതൊരു ശത്രുതയും ഇല്ല. ഷാനിമോളെ തോല്‍പ്പിക്കാന്‍ വേണ്ടി കോണ്‍ഗ്രസിലെ കുറച്ചു പേര് തന്നെ പറയാത്ത കാര്യം പറഞ്ഞെന്നു പറയുകയാണ്. അതിനു പുറകെ പോകേണ്ടതില്ലെന്നുമാണ് ജി സുധാകരന് വിശദീകരണം നല്‍കിയിരിക്കുന്നത്.
Content Highlights: G Sudhakaran’s controversial statement against Aroor UDF candidate Shanimol Usman.