ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ജമ്മു കശ്മീരില്‍ ആപ്പിളുകള്‍ വില്‍പ്പനയ്ക്ക് 

apples-with-anti-india-pro-terrorists-slogans-found-in-Kashmir

ജമ്മു കാശ്മീരിൽ വിൽപ്പനക്ക് എത്തിച്ച ആപ്പിളുകളില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍. കശ്മീര്‍ താഴ് വരയില്‍ നിന്ന് ജമ്മുവിലെ കച്ചവട കേന്ദ്രങ്ങളിലേക്ക് വില്‍പ്പനക്കായി എത്തിച്ച ആപ്പിളുകളിലാണ് രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ കാണപ്പെട്ടത്. ആപ്പിളുകളിൽ കറുത്ത മാര്‍ക്കര്‍ പേന ഉപയോഗിച്ചാണ് രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്നത്. ‘ഇന്ത്യ ഗോബാക്ക്’, ‘മേരേ ജാന്‍ ഇമ്രാന്‍ ഖാന്‍’, ‘ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം’ എന്നിങ്ങനെയുള്ള വാക്കുകളാണ് ആപ്പിളുകളില്‍ കുറിച്ചിരിക്കുന്നത്. ഉറുദു, ഇംഗ്ലീഷ് എന്നീ ഭാഷകളാണ് ഉപയോഗിച്ചിരിക്കുന്നത്.  ആപ്പിളുകളില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ കണ്ടതോടെ ജനങ്ങള്‍ ഇത് വാങ്ങാൻ തയ്യാറായില്ല എന്നാണ് റിപ്പോർട്ട്.

സംഭവത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കാശ്മീരില്‍ നിന്നുള്ള ആപ്പിളുകള്‍ ബഹിഷ്‌കരിക്കുമെന്ന് കഠുവ മൊത്ത വ്യാപാര കേന്ദ്രത്തിന്റെ പ്രസിഡന്റ് രോഹിത് ഗുപ്ത മുന്നറിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട് വ്യാപാരികളെ ചോദ്യം ചെയ്ത് വരികയാണെന്ന് കത്വ പോലീസ് സ്‌റ്റേഷന്‍ മേധാവി സഞ്ജീവ് ചിബ് അറിയിച്ചു. എന്നാൽ 500 മുതല്‍ 600 ബോക്‌സുകള്‍ വരെ അടങ്ങുന്ന ട്രക്കിലാണ് പഴങ്ങള്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നതെന്നും ഇവയെല്ലാം പരിശോധിക്കുക എന്നത് ശ്രമകരമാണെന്നും അവര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

 Content highlights: Anti-national slogans written on Kashmir’s apples