പോലീസ് തിരക്കഥ വിശ്വസിക്കാന്‍ കഴിയില്ലെന്ന് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ശുഹൈബിന്റെ മാതൃ സഹോദരി സജിത മഠത്തില്‍. ഒരു നോട്ടീസ് കൈവശം വെച്ചു എന്ന് പറഞ്ഞ് പിടിക്കുകയും പിന്നീട് കുറെ കഥകളും കെട്ടിച്ചമച്ചാല്‍ അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഈ വിഷയത്തില്‍ ഇടപെടാമെന്ന മുഖ്യമന്ത്രിയുടെ വാക്കില്‍ വിശ്വാസമുണ്ട്. അതിനാല്‍ അലനെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിലും പിന്തുണ അറിയിക്കുന്നതിലും അതിയായ സന്തോഷമുണ്ടെന്നും സജിത മഠത്തില്‍ പറഞ്ഞു.
മാവോയിസ്റ്റ് വധത്തെ പ്രതികൂലിച്ച് ലഘുലേഖ വിതരണം ചെയ്തതിന് ഇന്നലെ അറസ്റ്റിലായ അലന്‍ ശുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യ ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസില്‍ കുടുക്കിയതാണെന്ന നിലപാടില്‍ തന്നെയാണ് സിപിഎം പ്രാദേശിക നേതാക്കളും ബന്ധുക്കളും.
സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ യുഎപിഎ പില്‍വലിക്കണമെന്നും പോലീസ് നടപടി ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കലാണെന്നും പന്തീരങ്കാവ് ഏരിയ കമ്മറ്റി വാർത്താ കുറിപ്പിൽ പറഞ്ഞു. ലഘുലേഖയോ നോട്ടീസോ കൈവശം വെച്ചതിന്‍റെ പേരില്‍ യുഎപിഎ ചുമത്താനാവില്ലെന്നും ഏരിയ കമ്മറ്റി ചൂണ്ടികാട്ടി.
വിദ്യാര്‍ഥികള്‍ക്കുമേല്‍ യുഎപിഎ ചുമത്തേണ്ട ഒരു സാഹചര്യവുമില്ലെന്നാണ് സിപിഎം എംഎല്‍എ എം.സ്വരാജ് പ്രതികരിച്ചത്. പോലീസ് നടപടി ന്യായികരണം അര്‍ഹിക്കാത്ത തെറ്റാണ്. അതുകൊണ്ട് തന്നെ അത് തിരുത്തപ്പെടേണ്ടതുമാണ്. സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും സുരാജ് പറഞ്ഞു.