പിഎസ്‌സി പരീക്ഷ നടത്തിപ്പിൽ വന്‍ അഴിച്ചു പണി വേണമെന്ന നിർദ്ദേശവുമായി ക്രെെംബ്രാഞ്ച്

psc exam fraud

പിഎസ്‌സി സിവില്‍ പോലീസ്‌ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തിനു പിന്നാലെ പിഎസ്‌സി പരീക്ഷ നടത്തിപ്പില്‍ വന്‍ അഴിച്ചു പണി നിര്‍ദേശവുമായി ക്രെെംബ്രാഞ്ച്. പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിലും, ഉത്തരക്കടലാസ് കൈകാര്യം ചെയ്യുന്നതിലും ഹാളിലെ സുരക്ഷാ ക്രമീകരണങ്ങളിലും ഉള്‍പ്പെടെയാണ് ക്രൈംബ്രാഞ്ച് നിര്‍ദേശങ്ങള്‍ നല്‍കിയത്. ഇത് ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി പിഎസ്‌സിക്കു കത്ത് നല്‍കിയിട്ടുണ്ട്.  

ഇപ്പോഴത്തെ പരീക്ഷ നടത്തിപ്പില്‍ ചില വിഷയങ്ങള്‍ പിഎസ്‌സി ഗൗരവമായി കാണണം, പരീക്ഷ ഹാളില്‍ സിസിടിവി നിര്‍ബന്ധമാക്കണം. സ്മാര്‍ട്ട് വാച്ച്, മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത്, ഇയര്‍ പീസ് ഉല്‍പ്പടെയുള്ള ഇലക്ടോണിക്ക് ഉപകരണങ്ങള്‍ പരീക്ഷ ഹാളില്‍ കൊണ്ട് വരുന്നത് ഒഴിവാക്കാന്‍ ശാരീരിക പരിശോധന ആവശ്യമാണ്. അതിനാല്‍ ഷൂ, ബെല്‍റ്റ്, ബട്ടണ്‍സ് തുടങ്ങിയവ അഴിച്ച് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇനിയും പരീക്ഷക്രമക്കേടുകള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

പരീക്ഷാഹാളിലെ സീറ്റിങ് പാറ്റേൺ (എ,ബി,സി,ഡി പാറ്റേൺ) കാലാനുസൃതമായി പരിഷ്കരിക്കണം, ഉയർന്ന തസ്തികകളിലേക്കുള്ള പരീക്ഷാകേന്ദ്രങ്ങളിൽ പോർട്ടബിൾ വൈഫൈ/മൊബൈൽ ജാമറുകൾ സ്ഥാപിക്കണം, തുടങ്ങിയവയാണ് മറ്റ് നിർദ്ദേശങ്ങൾ 

Content highlight ; Crime branch give directives to psc exam to prevent from psc exam fraud