ശിശുക്കളുടെ മരണത്തിന് ഇടയാക്കുന്ന ലോകത്തിലെ ഏറ്റവും മാരകമായ പകര്‍ച്ച വ്യാധി ന്യുമോണിയയെന്ന് അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളുടെ റിപ്പോര്‍ട്ട്. ന്യുമോണിയ മൂലം ഒരോ 39 സെക്കന്‍ഡിലും ഒരു കുഞ്ഞ് വീതം മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പ്രതിരോധിക്കാന്‍ കഴിയുന്ന രോഗമായിരുന്നിട്ട് പോലും ന്യുമോണിയ മൂലം കഴിഞ്ഞ വര്‍ഷത്തില്‍ അഞ്ച് വയസ്സിനു താഴെ 800,000 ശിശുക്കളാണ് മരിച്ചത്.
ഒരോ ദിവസവും അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള 2,200 കുട്ടികള്‍ മരണപ്പെടുന്നുണ്ടെന്ന് യൂണിസെഫ് എക്സിക്കൂട്ടിവ് ഡയറക്ടർ ഹെൻട്രിയേറ്റാ ഫോര്‍ ലോക ന്യൂമോണിയ ദിനത്തിൽ പറഞ്ഞു. രോഗത്തിനെതിരെ ആഗോളപരമായി പോരാടേണ്ടതുണ്ടെന്നും ചികിത്സക്കായി പ്രത്യേകം നിക്ഷേപം ആവശ്യമുണ്ടെന്നും ചെലവ് കുറഞ്ഞ രീതിയിലുള്ള ചികിത്സാ ഇടപെടലുകൾ ഉണ്ടായാൽ മാത്രമേ കുട്ടികളുടെ മരണസംഖ്യ കുറയ്ക്കാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ 127,000 കുട്ടികളും പാക്കിസ്ഥാനിൽ 58,000 കുട്ടികളും നെെജീരിയയിൽ 162,000 കുട്ടികളുമാണ് ന്യുമോണിയ മൂലം മരണപ്പെട്ടിട്ടുള്ളത്. ബാക്ടീരിയ, വൈറസ് അല്ലെങ്കില്‍ ഫംഗസ് എന്നിവ മൂലമാണ് ന്യുമോണിയ ഉണ്ടാകുന്നത്. ശ്വാസകോശത്തിലെ വായു അറകളിൽ രോഗാണുക്കൾ പെരുകി ശ്വസനേന്ദ്രീയത്തിൽ വീക്കവും പഴുപ്പും ഉണ്ടാകുന്ന അവസ്ഥയാണ് ന്യുമോണിയ. ചുമ, കഫക്കെട്ട്, നെഞ്ചിൽ പഴുപ്പ്, പനി, ശ്വാസമ്മുട്ടൽ, നെഞ്ചു വേദന എന്നിവയാണു ന്യുമോണിയയുടെ മുഖ്യ ലക്ഷണങ്ങൾ.