മഴയുണ്ടെങ്കിലും ഇല്ലെങ്കിലും കൊച്ചി നഗരത്തിലെ പ്രധാന റോഡുകളെല്ലാം കുളമാകും. റോഡിൻറെ ഈ അവസ്ഥകൾക്ക് പിന്നിൽ സർക്കാർ തന്നെയാണ്. പൈപ്പിടാൻ കുഴിച്ച കുഴികളൊന്നും ജല അതോറിറ്റി സമയത്ത് അടച്ചില്ല. കുഴികൾ നിറഞ്ഞതോടെ അപകടങ്ങളും വർധിച്ചു. ഈ ദുരിതങ്ങളിലൂടെ ദിവസേനയുള്ള ഓട്ടപ്രദിക്ഷണമാണ് കൊച്ചി നിവാസികളും ഇതര സംസ്ഥാന തൊഴിലാളികളും. അപകടങ്ങളും ഗതാഗതക്കുരുക്കും പതിവായിട്ടും ഒരു നുള്ള് മണ്ണ് വാരിയിട്ട് കുഴിനികത്താൻ പോലും പൊതുമരാമത്ത് വകുപ്പിനോ കോർപറേഷനോ കഴിഞ്ഞിട്ടില്ല.
കലൂർ – കടവന്ത്ര, താമനം – പുല്ലേപ്പടി, തേവര ഫെറി റോഡ്, പൊന്നുരുന്നി പാലം റോഡ്, വൈറ്റില, കുണ്ടന്നൂർ, റോഡുകൾ തുടങ്ങിയവ താറുമാറായി ഗതാഗത യോഗ്യമല്ലാതായിരിക്കുന്നു. കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഒരു പോലെ ദുരിതമനുഭവിക്കുകയാണ്. റോഡിലെ കുഴികൾ മൂലം വാഹനകുരുക്കിൽ ഇന്ധന നഷ്‌ടവും ഏറുകയാണ്. നന്നാക്കുന്ന റോഡുകൾ പോലും ഏതാനും മാസം കൊണ്ടു കേടാകുന്നത് തുടർക്കഥയായിട്ടും അധികാരികൾ അവഗണിക്കുകയാണ്. സെപ്‌തംബറിൽ, എളംകുളം മെട്രോ സ്റ്റേഷനു സമീപം ബസിനടിയിൽപെട്ട് ബൈക്ക് യാത്രികൻറെ മരണത്തിനിടയാക്കിയതും റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുമ്പോഴായിരുന്നു. ഈ സ്ഥലത്തുണ്ടായ മൂന്നു മരണങ്ങൾക്കിടയാക്കിയ കുഴികൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് പ്രദേശ വാസികൾ നേരത്തെ പ്രതിഷേധിച്ചിരുന്നു. കൊച്ചിയിലുള്ള 45 റോഡുകളിലും ചില ഭാഗങ്ങൾ തകർന്നിരിക്കുകയാണ്.
മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിന് പൊതുമരാമത്തിനെ കുറ്റം പറയരുത്തതെന്നും പാലവും റോഡും പണിയാൻ മാത്രമെ പൊതുമരാമത്തിനു കഴിയൂ എന്നും മന്ത്രി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഗതാഗത നിയന്ത്രണം പോലീസ് മേധാവിയും ജില്ലാ കളക്ടറും ചേർന്നാണ് പരിഹരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി. മഴയിൽ തകർന്ന കൊച്ചിയിലെ റോഡുകളിലെ കുഴികൾ അടക്കാൻ അടിയന്തിരമായി ഏഴ് കോടി രൂപ പൊതുമരാമത്ത് അനുവദിച്ചിരുന്നു.
ഗതാഗത സ്തംഭനം പതിവായതോടെ വൈറ്റില – കുണ്ടന്നൂർ റൂട്ടിൽ കുരുക്കഴിക്കാനായി കൂടുതൽ പോലീസുകാരെ നിയോഗിച്ചിരുന്നു. കുണ്ടന്നൂരിൽ 60 പോലീസ് ഉദ്യോഗസ്ഥരെയും വൈറ്റിലയിൽ 20 പേരെയുമാണ് അധികമായി കൊച്ചി സിറ്റി പോലീസ് കമ്മിഷണർ നിയോഗിച്ചിരുന്നത്. ഐ.ജി യുടെ നേതൃത്വത്തിൽ റോഡിലെ കുഴികളിൽ മണ്ണിട്ടു മൂടിയതും വാർത്തയായിരുന്നു.
മൂന്നു ദേശീയ പാതകൾ ഒന്നിക്കുന്ന കുണ്ടന്നൂരിൽ നിന്നും 10 കിലോമീറ്റർ അകലെയുള്ള അരൂരിലെത്താൻ രണ്ട് മണിക്കൂറിലധികമാണ് യാത്രക്കാർ റോഡിൽ കിടക്കേണ്ടി വരുന്നത്. കുണ്ടന്നൂർ, വൈറ്റില മേൽപ്പാലങ്ങളുടെ നിർമാണത്തോടൊപ്പം സമാന്തര റോഡുകൾ പൊട്ടിപൊളിയുക കൂടി ചെയ്‌തതു മൂലമാണ് ഇവിടെ ഗതാഗതകുരുക്ക് രൂക്ഷമാകാൻ കാരണം. വൈറ്റിലയിൽ മെട്രോയുടേയും മേൽപ്പാലത്തിൻറെയും ജോലികൾ ഒരുമിച്ചു നടന്നതും റോഡിൻറെ ശോചനീയാവസ്ഥക്ക് കാരണമായിട്ടുണ്ട്.
അപകടങ്ങൾ പതിവായ കൊച്ചിയുടെ കടവന്ത്ര കത്രിക്കടവ് റോഡിലെ 27 സെ.മീ ആഴം വരുന്ന ഗർത്തമാണിവിടെ. ചങ്ങമ്പുഴ മെട്രോ സ്റ്റേഷൻറെയും പാലാരിവട്ടം മെട്രോ സ്റ്റേഷൻറെയും മുന്നിലുള്ള റോഡിലെ കുഴികളിൽ മഴയില്ലാത്തപ്പോൾ പോലും വെള്ളം നിറഞ്ഞു കിടക്കുന്നു. ഇവിടെ പലപ്പോഴും യാത്രാ തടസവും റോഡിൽ തർക്കങ്ങളും ഉണ്ടാകുന്നുണ്ട്.
മഴപെയ്താൽ റോഡേത്, കുളമേത് എന്ന് തിരിച്ചറിയാനാകില്ല. നാട്ടുകാർ ഇടപെട്ട് അപായ സൂചനകൾ നല്കാൻ ശ്രമിച്ചിട്ടും ജീവൻ പൊലിയുന്നു. എന്നിട്ടും കണ്ണുതുറക്കാത്ത ഉദ്യോഗസ്ഥർ. കുഴികളിൽ തേങ്ങയുടച്ചും പ്രതിഷേധിച്ചു. പ്രതിഷേധം എത്ര ആളിക്കത്തിയാലും കുഴിയടക്കുന്നത് സംബന്ധിച്ച് വ്യക്തമായ ഉറപ്പ് നൽകാൻ ഉദ്യോഗസ്ഥർക്കാവുന്നില്ല. ഇതരസംസ്ഥാന തൊഴിലാളികളടക്കം കൊച്ചിയിലെ റോഡുകളുടെ മോശമായ അവസ്ഥയെ ചൂണ്ടികാണിക്കുന്നു.
അറ്റകുറ്റപ്പണി ആരംഭിക്കാത്ത റോഡുകളുടെ ചുമതലക്കാരായ ഉദ്യോഗസ്ഥർക്കു കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ജില്ലാ കളക്ടർ ഉത്തരവിട്ടതോടെയാണ് അടിയന്തിരമായി അറ്റകുറ്റപണികൾ ആരംഭിച്ചത്. കുഴി ശരിയായി മൂടാതെ മെറ്റൽ മാത്രമാണ് അതിൽ നിക്ഷേപിച്ചിരുന്നത്. നിരന്തരം വാഹനങ്ങൾ പോകുന്ന റോഡായതിനാൽ തന്നെ വളരെ വേഗത്തിൽ മെറ്റൽ ഇളകി മാറും. ഇതോടെ കുഴി വീണ്ടും വലുതാവുകയും റോഡ് മോശമാകുകയും ചെയുന്നു.
പി.ഡബ്ല്യു.ഡി, കെ.എം.ആർ.എൽ, വാട്ടർ അതോറിറ്റി എന്നിവരോട് പരാതി അറിയിച്ചിട്ടും അധികൃതർ പരസ്‌പരം പഴിചാരുക മാത്രമാണ് ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു. വാഹന പരിശോധന നടത്തി കൂടുതൽ പിഴ ഈടാക്കാനാണ് സർക്കാരിൻറെ തീരുമാനം. എന്നാൽ നികുതി നൽകുന്ന സാധാരണക്കാരന് സഞ്ചാരയോഗ്യമാകുന്ന റോഡുകൾ നൽകാൻ മാത്രം സർക്കാരിനാവുന്നില്ലെന്ന കടുത്ത വിമർശനം നിലവിലുണ്ട്.
റോഡിലെ വലിയ കുഴികൾ കാരണം അപകടം മാത്രമല്ല, വലിയ ബ്ലോക്കിനിടയിൽ ഒരു ആംബുലൻസ് വന്നാൽ പോലും വഴി കൊടുക്കാൻ സാധിക്കുന്നില്ലെന്നതും ശ്രദ്ധയിൽപ്പെട്ട കാര്യമാണ്. ഓരോ കുഴിയും ഇറങ്ങിക്കയറി ലക്ഷ്യസ്ഥാനത്ത് ഒരിക്കലും സമയത്ത് എത്താൻ സാധിക്കില്ല.
Content highlights :Cochin Roads