റാഫാല്‍ യുദ്ധ വിമാന ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനു ക്ലീന്‍ ചിറ്റ് നല്കിയ വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ തള്ളികൊണ്ട് സുപ്രീംകോടതിയുടെ അന്തിമ വിധി. 2018 ഡിസംബര്‍-14ലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി,എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്.
ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനില്‍നിന്നു 36 യുദ്ധവിമാനങ്ങള്‍ 59.000 കോടി രൂപയ്ക്കു വാങ്ങാനുള്ള കരാറില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി ഡിസംബര്‍-14 ന് സുപ്രീം കോടതി തള്ളിയിരുന്നു.
36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയതില്‍ അഴിമതി ചൂണ്ടിക്കാട്ടി അഭിഭാഷകരായ എംഎല് ശര്‍മ്മ, പ്രശാന്ത് ഭൂഷണ്, അരൂണ്‍ ഷൂരി തുടങ്ങിയവരാണ് സുപ്രിം കോടതിയെ സമീപിച്ചത്.വിമാനത്തിന്റെ വില, നടപടിക്രമങ്ങള്‍ എന്നിവ ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു.
ഇടപാടില്‍ സംശയിക്കത്തക്കതായി ഒന്നും തന്നെ ഇല്ലെന്നും റിലയന്‍സിനു സര്‍ക്കാര്‍ നേട്ടമുണ്ടാക്കി കൊടുത്തതായി തെളിവില്ലെന്നു നിരീക്ഷിച്ച കോടതി യുദ്ധവിമാനങ്ങളുടെ വില പരിശോധിക്കല്‍ തങ്ങളുടെ പരിധിയല്ലെന്നും പറഞ്ഞിരുന്നു ഇതിനെതിരെയായിരുന്നു പുനഃപരിശോധനാ ഹര്‍ജികള്‍. റാഫാല്‍ വിഷയത്തെ സംബന്ധിച്ച് സിഎജി റിപ്പോര്‍ട്ട് ഉണ്ടെന്നും അതു പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചെന്നുമായിരുന്നു ഡിസംബറിലെ വിധിയില്‍ കോടതി പറഞ്ഞത്..
ഇടപാടുമായി ബന്ധപ്പെട്ട വസ്തുതകള്‍ സര്‍ക്കാര്‍ സുപ്രീംകോടതിക്കു മുന്‍പാകെ മറച്ചുവച്ചെന്ന് പുനപരിശോധനാ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കോടതിക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കള്ളസാക്ഷ്യത്തിനു നടപടിവേണമെന്നും ആവശ്യമുയര്‍ന്നിരുന്നു.കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്കിയ വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ കഴമ്പില്ലെന്നും, ഡിസംബര്‍-14ലെ റാഫാല്‍ ഇടപെടല്‍ വിധിയില്‍ പുനഃപരിശോധന ആവശ്യമില്ലെന്നും പറഞ്ഞുകൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി,എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് റാഫാല്‍ യുദ്ധ വിമാന ഇടപാടില്‍ അന്തിമ വിധി പ്രഖ്യാപിച്ചത്.
Content highlights ; Final verdict on Rafel judgment review pettions.