ആറിഞ്ച് ഫോണ്‍ മൂന്നിഞ്ചാക്കി ചെറുതാക്കുന്ന സാങ്കേതികവിദ്യയുമായി മോട്ടറോള

moto razr

ലെനവോയുടെ ഉടമസ്ഥതയിലുള്ള മോട്ടറോള  ‘റേസര്‍’ ഫോണ്‍ പുറത്തിറക്കി.  ആറിഞ്ച് ഫോണ്‍ മൂന്നിഞ്ചാക്കി ചെറുതാക്കുന്ന സാങ്കേതിക വിദ്യയുമായാണ് മോട്ടറോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിരിക്കുന്നത്. വലിയ ഫോണ്‍ കൊണ്ടു നടക്കുക എന്നത് ഭാരമായി കരുതുന്നവര്‍ക്ക് ആശ്വാസമാകും വിധമാണ് അമേരിക്കയിലെ ലോസ് എയ്ഞ്ചല്‍സില്‍ മോട്ടറോള തങ്ങളുടെ പുതിയ  സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുന്നത്. സ്‌ക്രീന്‍ വലിപ്പം ആറിഞ്ചിലേറെയുള്ള ഫോണ്‍ ഡിസ്പ്ലേയുടെ നടുകെ മടക്കി കൈവെള്ളയിലൊതുക്കി വെക്കാമെന്നതാണ് പ്രധാന പ്രത്യേകത.

പഴയ ഫ്ളിപ് ഫോണുകളെ അനുസ്മരിപ്പിക്കും വിധമുള്ള റേസറിന്റെ മറ്റൊരു സവിശേഷത കോള്‍, ടൈം, മ്യൂസിക്ക്, ഗൂഗിള്‍ അസിസ്റ്റന്റ് തുടങ്ങി ഫോണിലെ അടിസ്ഥാന വിവരങ്ങള്‍ മടക്കിയാലും പുറമെ നിന്നു തന്നെ ഉപയോഗിക്കാമെന്നതാണ്. ഒലെഡ് എച്ച്ഡി പ്ലസ് (876×2142 പിക്സല്‍സ്) സ്‌ക്രീന്‍ ആണ് ഫോണിന്റെ പ്രധാന ഡിസ്പ്ലേ. സ്റ്റോക്ക് ആന്‍ഡ്രോയ്ഡ് 9 പൈ ആണ് ഓപറേറ്റിംഗ് സിസ്റ്റം. 16 മെഗാപിക്സലുള്ള പ്രധാന ക്യാമറ തന്നെ സെല്‍ഫി ക്യാമറയായും ഉപയോഗിക്കാം. 1499.99 അഥവാ ഏകദേശം 107,400 രൂപയാണ് യു.എസ് മാര്‍ക്കറ്റിലെ വില.

Content Highlight: moto Razr unveiled in us market